കിഫ്ബിയിലും പലതും ചീഞ്ഞുനാറുന്നു ; ഊരാളുങ്കലും വിവാദത്തിലേക്ക്

Jaihind Webdesk
Sunday, November 15, 2020

 

തിരുവനന്തപുരം: 8000 കോടിയുടെ പദ്ധതി ടെന്‍ഡർ വിളിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്തുവെന്ന സിഎജിയുടെ കരട് റിപ്പോർട്ട് ചോർന്നതും ഇതിനെ മുന്‍കൂട്ടി രാഷ്ട്രീയപ്രതിരോധത്തിന്‍റെ കവചം തീർത്ത ധനകാര്യമന്ത്രി തോമസ് ഐസക്കിന്‍റെ പത്രസമ്മേളനവും വരും ദിവസങ്ങളില്‍ സിപിഎമ്മിനും പിണറായി സർക്കാരിനും സ്വയം ബൂമറാങ്ങായി മാറുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ നല്‍കുന്ന വ്യാഖ്യാനം. ഒപ്പം മന്ത്രി തോമസ് ഐസക്കും കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി  സ്വപ്നയും തമ്മിലുള്ള ഫോണ്‍വിളികളെ കുറിച്ച് അന്വേഷിക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോള്‍ ലൈഫിന് പിന്നാലെ കിഫ്ബിയിലും പലതും ചീഞ്ഞുനാറുന്ന കഥകള്‍ പുറത്തുവരാനിരിക്കുകയാണ്.

ലൈഫ് മിഷനിലെന്നപോലെ കിഫ്ബിയിലും സ്വപ്ന സുരേഷിന്‍റെയും ശിവശങ്കറിന്‍റെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. സിഎജിയുടെ കരട് വിജ്ഞാപനത്തിന്‍റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസമാണ് ഐസക് പുറത്തുവിട്ടത്. സിഎജിയുടെ അന്തിമറിപ്പോർട്ട് പുറത്തുവരുന്നതും അത് നിയമസഭയുടെ മേശപുറത്തുവയ്ക്കേണ്ടതുമാണ്. അതിനുമുന്‍പ് തന്നെ കരട് റിപ്പോർട്ട് ചോർത്തി. ധനമന്ത്രി മാധ്യമങ്ങളെ ചില കാര്യങ്ങള്‍ അറിയിച്ചിരുന്നു. ഇത് പിണറായി സർക്കാരിന് മറ്റൊരു കുരുക്കാകുമെന്നാണ് സൂചന. ഈ വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷം ഗവർണറെയും രാഷ്ട്രപതിയേയും സമീപിക്കാനൊരുങ്ങുകയാണ്.

ധനമന്ത്രിയുടെ ഈ ചട്ടലംഘനത്തിനെതിരെ നിയമപോരാട്ടം നടത്താന്‍ പ്രതിപക്ഷം നിയമവിദഗ്ധരുമായി ചർച്ചകള്‍ നടത്തിവരികയാണ്.  കിഫ്ബിയുടെ പ്രവർത്തനം തന്നെ ഭരണഘടനവിരുദ്ധമായ രീതിയിലായിരുന്നുവെന്നാണ് സിഎജിയുടെ കരട് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങളില്‍ വന്‍ ക്രമക്കേട് നടന്നതായും സിഎജി റിപ്പോർട്ടില്‍ സൂചനകളുണ്ട്. കിഫ്ബിക്കും ലൈഫ് മിഷനും പിന്നാലെ കിഫ്ബിയിലെ പല നടപടികളും സമീപഭാവിയില്‍ തന്നെ സിപിഎമ്മിനെയും പിണറായിയേയും പ്രതിക്കൂട്ടില്‍ നിർത്തുന്നതായിരിക്കും .