ജി.സുധാകരന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കിഫ്ബി മന്ത്രിക്ക് പരോക്ഷമായി മറുപടി നൽകിയത്. ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തലും കിഫ്ബിയുടെ ഉത്തരവാദിത്തമാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസം കിഫ്ബിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി നടത്തിപ്പിനുപോലും തടസ്സമാകുംവിധം കിഫ്ബി ഉദ്യോഗസ്ഥര്‍ പെരുമാറുന്നതായി മന്ത്രി കുറ്റപ്പെടുത്തി .
കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി കിഫ്ബി രംഗത്തെത്തിയത്.

പാലോട്-കാരേറ്റ് റോഡ് നിർമാണത്തിലെ ഒട്ടേറേ പിഴവുകൾ കിഫ്ബിയുടെ പരിശോധന സംഘം കണ്ടെത്തിയിരുന്നു. ഈ പിഴവുകൾക്ക് നിർദേശിച്ച പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയിരുന്നില്ല. ഇത്തരത്തിൽ 36 പൊതുമരാമത്ത് നിർമാണപ്രവർത്തികളിൽ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്നും ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഈ നിർമാണപ്രവർത്തികൾ നിർത്തിവെക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങളുടെ പട്ടികയിൽപ്പെടുത്തുകയായിരുന്നു .
നേരത്തെ നിർമാണത്തിലിരുന്ന 12 പദ്ധതികൾക്ക് ഗുണനിലവാരം സംബന്ധിച്ച തിരുത്തൽ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാത്തതിനാൽ ഈ പദ്ധതികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകേണ്ടിവന്നതായും ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും കിഫ് ബി ഫെയ്സ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

g sudhakaran
Comments (0)
Add Comment