ആദ്യ വാഹനമായ സെൽട്ടോസിലൂടെ തന്നെ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ വാഹനനിർമാതാക്കളാണ് കിയ. ഇതിനു പിന്നാലെ രണ്ടാമതൊരു വാഹനത്തെക്കൂടെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാർണിവൽ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തെയാണ് കിയ ഡൽഹി ഓട്ടോ എക്സ്പോയിൽ ഇത്തവണ അവതരിപ്പിക്കുന്നത്.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് കാർണിവലിന്റെ മുഖ്യ എതിരാളി. ഈ വാഹനത്തിന് 24.95 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് കിയ കാർണിവൽ എത്തുന്നത്. ഏഴ്, എട്ട്, ഒമ്ബത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളും കാർണിവലിനുണ്ട്. സെവൻ സീറ്റർ പ്രീമിയത്തിന് 24.95 ലക്ഷവും എട്ട് സീറ്ററിന് 25.15 ലക്ഷവും, പ്രെസ്റ്റീജ് ഏഴ് സീറ്ററിന് 28.95 ലക്ഷവും ഒമ്ബത് സീറ്ററിന് 29.95 ലക്ഷവും ലിമോസിന് 33.95 ലക്ഷം രൂപയുമാണ് വില വരുന്നത്. വിലയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ ക്രിസ്റ്റയെക്കാൾ ബഹു ദൂരം മുന്നിലായിരിക്കും കാർണിവൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷൻ ഹെഡ്ലാമ്ബ്, ഡിആർഎൽ, ഫോഗ് ലാമ്ബ്, ചെറിയ എയർഡാം എന്നിവ ഉൾപ്പെടുന്നതാണ് മുൻവശം. 17 ഇഞ്ച് അലോയ് വീൽ, എൽഇഡി ടെയിൽ ലാമ്ബ്, സ്കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിന്റെ ഭംഗി കുട്ടുന്നു. രണ്ടാം നിരയിലെ ഡോർ വശങ്ങളിലേക്ക് തുറക്കുന്നതാണ്. ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവർ ടെയ്ൽഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയർബാഗുകൾ, എ.ബി.എസ്, ഇ.എസ്.സി, ഹിൽസ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങൾ.