സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ശരീരഭാഗങ്ങൾ സൗദി കോൺസുൽ ജനറലിന്റെ ഈസ്താംബൂളിലെ വസതിയിൽനിന്നും കണ്ടെടുത്തതായി റിപ്പോർട്ട്. കോൺസുലൽ ജനറലിന്റെ വസതിയിൽ പൂന്തോട്ടത്തിലുള്ള കിണറില്‍ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. അതേസമയം സംഭവത്തിൽ ഒളിച്ചുകളി നടത്തുന്ന സൗദിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക രംഗത്തെത്തി.
ഖഷോഗിയുടെ ശരീരം പല കഷണങ്ങളാക്കുകയും മുഖം തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കുകയും ചെയ്തെന്നാണ് വിവരം. തുർക്കി റോഡിന പാർട്ടി നേതാവ് ഡോഗു പെറിൻചെക് ആണ് വെളിപ്പെടുത്തൽ നടത്തിയത്. യു.കെ ആസ്ഥാനമായ വാർത്താ ഏജൻസിയായ സ്കൈ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ തുർക്കി പോലീസ് സൗദി കോൺസുലേറ്റും കോൺസുലറുടെ ഈസ്താംബൂളിലെ വസതിയും പരിശോധിച്ചിരുന്നു.
യു എസിലെ വിർജീനിയയിൽ താമസിച്ചിരുന്ന സൗദി സ്വദേശിയായ ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ മാസം രണ്ടിന് ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. ഇതിനിടെ സംഘർഷത്തിൽ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദിയുടെ വിശദീകരണം.
സംഭവത്തില്‍ സൗദിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക രംഗത്തെത്തി. ഖഷോഗിയെ കൊലപ്പെടുത്തിയ സൗദിയുടെ നടപടി ചരിത്രത്തിലെ ഏറ്റവും നീചമായതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നടിച്ചു. ഈ കൊലപാതകം ചെയ്തവർ ആരായാലും അവർ രക്ഷപ്പെടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.