കരുത്തോടെ ഖാര്‍ഗെ; വിജയക്കൊടിപ്പാറിച്ച് കന്നട മണ്ണിന്‍റെ പുത്രന്‍

Jaihind Webdesk
Saturday, May 13, 2023

ബംഗളുരു: മല്ലികാർജുൻ ഖാർഗ ദേശീയ അദ്ധ്യക്ഷനായതിന് പിന്നാലെ സ്വന്തം തട്ടകത്തില്‍ കോൺഗ്രസിന് ഉജ്ജ്വല വിജയം സമ്മാനിച്ച് കന്നടമണ്ണ്. ദേശീയ അധ്യക്ഷന്‍റെ ജന്മനാട്ടിൽ മികച്ച വിജയമാണ് കോൺഗ്രസ് കൈവരിച്ചത്. അഴിമതിയിൽ മുങ്ങി കുളിച്ച ബിജെപി സർക്കാരിന് മല്ലികാർജുൻ ഖാർഗെ നയിച്ച കോൺഗ്രസിന്‍റെ മുമ്പിൽ അടിപതറി.

കഴിഞ്ഞ 2022 ഡിസംബറിലാണ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്. പിന്നാലെ നടന്ന ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ഉജജ്വല വിജയം. സ്വന്തം സംസ്ഥാനമായ കർണാടകയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് അദ്ദേഹം വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. ഖാർഗെയുടെ നേതൃത്തിൽ നടന്ന തിരഞ്ഞെടുപ്പ് തേരോട്ടത്തിൽ കോൺഗ്രസിന് ഗംഭീര വിജയമാണ് കന്നഡമണ്ണില്‍ നേടാനായത്. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സർവേകളിലെല്ലാം കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ബിജെപി സർക്കാരിന്‍റെ  ജനവിരുദ്ധനയങ്ങൾക്കെതിരെയുള്ള മറുപടിയാവും തിരഞ്ഞെടുപ്പിൽ നൽകുകയെന്ന് ഖാർഗെ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു.

 

തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളായി നടന്ന റാലികളിലും പൊതുസമ്മേളനങ്ങളിലും ഖാർഗെ പങ്കെടുത്തത് പ്രവർത്തകർക്കിടയിൽ ആവേശം പകർന്നു. കർണാടകയിലെ 40% ബിജെപി സർക്കാരിന്‍റെ ഓരോ അഴിമതിയും തുറന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ  പ്രചാരണം. കന്നട ഭാഷയിൽ സാധാരണക്കാർക്കിടയിൽ ഖാർഗെ നടത്തിയ പ്രചരണത്തിന് മികച്ച പ്രതികരണമായിരുന്നു വോട്ടർമാരുടെ ഇടയിൽ ഉണ്ടായത്. ആ പ്രതികരണത്തിന്‍റെ  പ്രതിഫലനമായിരുന്നു കർണാടകയിൽ ഇപ്പോൾ നേടിയ മികച്ച വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, മുഖ്യമന്ത്രി ബൊമ്മെയും കടന്ന് ആക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹം പൊതുസമ്മേളനങ്ങളിൽ പ്രതികരിച്ചിരുന്നത് . കൂടാതെ സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പൊതു സമ്മേളനങ്ങളും മറ്റും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം തന്നെ സംസ്ഥാന ഘടകത്തിന് മികച്ച പിന്തുണയാണ് ഖാർഗെയിൽ നിന്ന് ഉണ്ടായിരുന്നത്. സംസ്ഥാന ഘടകത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും ദേശീയ അദ്ധ്യക്ഷന് കഴിഞ്ഞു.

കർണാടകയിലെ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കല്യാൺ കർണാടക മേഖലയിൽ നിന്നുള്ള ദേശീയ നേതാവാണ് മല്ലികാർജുൻ ഖാർഗെ. ഈ മേഖലയിൽ കോൺഗ്രസിൻ്റെ സ്വാധീനം ആവർത്തിക്കാനായതും, കൂടുതൽ സീറ്റുകൾ നേടിയതും ഖാർഗെക്ക് നേട്ടമായി മാറി. ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഖാർഗെ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാവുകയാണ്. ഖാർഗെയെ വ്യക്തിപരമായി കടന്നാക്രമിക്കുകയും, അദ്ദേഹത്തെയും കുടുംബത്തെയും വകവരുത്തുമെന്നുള്ള ഭീഷണിയുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. ഈ ഭീഷണി വകവയ്ക്കാതെയാണ് അദ്ദേഹം പ്രചാരണത്തിൽ സജീവമായി മുന്നേറിയത്.