
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച രീതിയെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ അമേരിക്കൻ ഇറക്കുമതികൾക്ക് ‘സീറോ താരിഫ്’ (പൂജ്യം നികുതി) നൽകാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഖർഗെ തന്റെ ആശങ്കകൾ പങ്കുവെച്ചത്. ഇന്ത്യൻ കർഷകർ സുരക്ഷിതരാണോ എന്നും കാർഷിക മേഖല അമേരിക്കൻ വിപണിക്കായി തുറന്നുകൊടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ കാലത്തെ ആണവ കരാർ സുതാര്യമായിരുന്നുവെന്നും പാർലമെന്റിനെ വിശ്വാസത്തിലെടുത്താണ് അന്ന് തീരുമാനങ്ങൾ എടുത്തതെന്നും ഖർഗെ ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് കരാറിന്റെ ഒരു വശത്തെക്കുറിച്ചും അറിവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചതിന് യുഎസിന് നന്ദി പറഞ്ഞ പ്രധാനമന്ത്രിയുടെ ട്വീറ്റിൽ കരാറിന്റെ വിശദാംശങ്ങളില്ലെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമോ എന്നും ഇക്കാര്യത്തിൽ റഷ്യയോട് ഇന്ത്യ എന്താണ് വ്യക്തമാക്കിയതെന്നും അദ്ദേഹം ചോദിച്ചു. പാർലമെന്റിനും 140 കോടി ജനങ്ങൾക്കും സത്യമറിയാൻ അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്ന കരാറിനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്.