ബംഗളുരു: 2,000 രൂപ നോട്ട് പിന്‍വലിച്ച നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എപ്പോഴൊക്കെ ജപ്പാൻ സന്ദർശനം നടത്തിയിട്ടുണ്ടോ അന്നൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ടെന്ന് ഖാർഗെ പറഞ്ഞു. ജനങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള മറ്റൊരു നോട്ട് നിരോധനമാണ് ഇതെന്നും നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് ഗുണമാണോ നഷ്ടമാണോ ഉണ്ടാകുക എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും ഖാർഗെ വിമർശിച്ചു.
‘നരേന്ദ്ര മോദി മറ്റൊരു ഉത്തരവ് കൂടി പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹം എപ്പോഴൊക്കെ ജപ്പാനിലേക്ക് പോയിട്ടുണ്ടോ അന്നൊക്കെ അദ്ദേഹം നോട്ട് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനിൽ പോയപ്പോൾ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചു’- ഖാർഗെ പറഞ്ഞു. കർണാടകയിൽ കോണ്‍ഗ്രസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമർശനം.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിൽ ജപ്പാനിലാണുള്ളത്. 2000 രൂപ നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തിന്‍റെ ലക്ഷ്യമെന്തെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി പി ചിദംബരം, ജയ്റാം രമേശ് തുടങ്ങിയവരും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്. 2023 സെപ്റ്റംബർ 30 നകം ശേഷിക്കുന്ന 2000 രൂപ നോട്ടുകള്‍ ബാങ്കുകളിൽ കൊടുത്തു ജനം മാറ്റിയെടുക്കണമെന്നാണ് നിർദേശം.