ഖാദി ഉല്‍പന്ന നിർമ്മാണ യൂണിറ്റുകളോട് സംസ്ഥാന സർക്കാരിന്‍റെ അവഗണന

ഖാദി ഉല്‍പന്ന നിർമ്മാണ യൂണിറ്റുകളോട് സംസ്ഥാന സർക്കാരിന്‍റെ അവഗണന. പത്തനംതിട്ട ജില്ലയിലെ 13 യൂണിറ്റുകളിൽ മിക്കതും പ്രാരാബ്ധങ്ങൾക്ക് നടുവിൽ . സർക്കാർ സഹായം ഇല്ലാത്തതിനാൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ പോലും നടക്കുന്നില്ല .

കേരളാഖാദിഗ്രാമ വ്യവസായ ബോർഡിന്‍റെ കീഴിലുള്ള ഒരു നൂൽ ഉല്പാദന കേന്ദ്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് പഞ്ചായത്തിൽ 1980-ൽ സ്ഥാപിച്ചതാണിത്. തുടക്കത്തിൽ നിരവധി ഖാദി ഉല്പന്നങ്ങൾ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. കെട്ടിടത്തിന്‍റെ മുകളിൽ നിറയെ കാട് വളർന്നിരിക്കുന്നത് കണ്ടാൽ തന്നെ ഖാദി വ്യവസായത്തോടും ഉല്‍പന്നങ്ങളോടുമുള്ള സർക്കാർ അവഗണന വ്യക്തം. പത്തോളം വനിതകൾ ഇവിടെ നൂൽനൂൽക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. മാനത്ത് മഴക്കാറ് കണ്ടാൽ ഇവർ നെട്ടോട്ടമാണ്. തങ്ങളുടെ ഉപജീവന മാർഗമായ നൂൽനൂൽപ് മെഷീനുകൾ നനയാതിരിക്കുവാൻ ചാക്കുകളും മറ്റും മുകളിൽ ഇടണം. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം മുഴുവൻ ചോരുന്ന സ്ഥിതിയിലാണ്. സീലിംഗുകൾ ഇളകിമാറി താഴെ വീഴുന്ന അവസ്ഥയിലും. കെട്ടിടത്തിന്‍റെ ചുറ്റിലുമുള്ള കാട്ടിലെ ഇഴജന്തുക്കളുടെ ശല്യം വേറെ. കെട്ടിടങ്ങളുടെ നവീകരണങ്ങൾക്ക് സർക്കാർ ഫണ്ട് നൽകുന്നില്ലാ എന്നാണ് ഖാദി ഗ്രാമ വ്യവസായ ജില്ലാ അധികൃതർ പറയുന്നത്. പത്തനംതിട്ട ജില്ലയിൽ 13 ഉല്പാദന കേന്ദ്രങ്ങളാണ് ഖാദിഗ്രാമ വ്യവസായ ബോർഡിന് ഉള്ളത്. മിക്ക കേന്ദ്രങ്ങളിലും സമാനമായ സ്ഥിതി തന്നെ.

ഖാദി ഉല്ലന്നങ്ങളെ നിലനിർത്തുവാനായി ഉല്പാദന കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുവാൻ സർക്കാർ തയ്യാറാവണം. 25 വർഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്നവരും ഇവർക്കിടയിൽ ഉണ്ട്. പ്രാരാബ്ധങ്ങൾക്ക് നടുവിൽ വർണ്ണങ്ങൾ വിരിയുന്ന നേർത്ത നിലിഴകൾക്കൊപ്പം ജീവിതത്തിനും പച്ചപ്പ് തീർക്കുകയാണിവർ

Comments (0)
Add Comment