ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഖാദി മേഖല. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. നിരവധി പേരാണ് വിപണനമേളയ്ക്ക് എത്തുന്നത്.
സെറ്റ് മുണ്ടുകളുടെ പ്രൌഡിയുമായാണ് ഇത്തവണ ഖാദി ബോർഡ് ഓണ വിപണിയിലെത്തുന്നത്.കേരളീയ തനിമ വിളിച്ചോതുന്ന സെറ്റും മുണ്ടും സാരിയുമാണ് ഈ വർഷത്തെ പ്രത്യേകത. പയ്യന്നൂർ കേന്ദ്രമായുളള തിമിരി വീവിങ് യൂണിറ്റ് നിർമ്മിക്കുന്ന സെറ്റ് മുണ്ടുകൾക്ക് 780 മുതൽ 810 രൂപ വരെയാണ് വില. ത്രീഡി, പ്രിന്‍റഡ് സിൽക്ക്, ജൂട്ട് സാരികളും ഇത്തവണ മേളയിൽ താരമായി എത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഓണ വിപണിയിൽ ഖാദി ബോർഡിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാനത്ത് എൺപത് കോടി രൂപയുടെ വിറ്റ് വരവാണ് ബോർഡ് പ്രതിക്ഷിക്കുന്നത്.
തമിഴ് നാട്, ബംഗാൾ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉത്പ്പന്നങ്ങളും ഇത്തവണ ഖാദി ബോർഡ് ഓണ വിപണിയിൽ എത്തിച്ചിട്ടുണ്ട്. സെപ്തംബർ പത്ത് വരെയാണ് മേള. പതിവ് പോലെ ഉത്പ്പന്നങ്ങൾക്ക് മുപ്പത് ശതമാനം വരെ റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ഓണ വിപണിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഖാദി ബോർഡ്.