
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിലും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ (KGMCTA). നിരവധി പ്രീണന പ്രഖ്യാപനങ്ങള്‍ക്കിടയിലും ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞത് കടുത്ത വിശ്വാസവഞ്ചനയും ഗുരുതരമായ അനീതിയുമാണെന്ന് സംഘടന ആരോപിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് സേവനങ്ങളെ ബാധിക്കുന്ന രീതിയിലുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
2016 മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നാല് ഗഡുക്കളായി നല്‍കുമെന്ന് 2021-ലെ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്നശേഷം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത് മരവിപ്പിച്ചു. 2025-ല്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കുടിശ്ശിക അനുവദിച്ചപ്പോഴും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ മാത്രം ബോധപൂര്‍വ്വം ഒഴിവാക്കി. അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളം കുറച്ചതും, പ്രമോഷന് കാലാവധി 8 വര്‍ഷമായി വര്‍ദ്ധിപ്പിച്ചതും ഉള്‍പ്പെടെയുള്ള 2020-ലെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ തിരുത്താമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല.
നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളില്‍ സ്വന്തം ജീവന് പണയം വെച്ച് പോരാടിയവരോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരമായ നന്ദികേടാണെന്ന് കെജിഎംസിടിഎ ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളെക്കാള്‍ കുറഞ്ഞ മരണനിരക്ക് കേരളത്തില്‍ ഉറപ്പാക്കിയത് ഈ ഡോക്ടര്‍മാരുടെ കഠിനാധ്വാനമാണ്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നിര്‍ണ്ണായകമായ വോട്ട് ബാങ്ക് അല്ലെന്ന വിലയിരുത്തലാകാം സര്‍ക്കാരിന്റെ ഈ അവഗണനയ്ക്ക് പിന്നിലെന്ന് സംഘടന സംശയിക്കുന്നു. ‘കറിവേപ്പിലയുടെ സ്ഥാനം പോലും നല്‍കാതെ സര്‍ക്കാര്‍ ഞങ്ങളെ അവഗണിക്കുകയാണ്. ലോകത്തിന് മുന്നില്‍ കേരളം നേടിയ ആരോഗ്യ പ്രശസ്തി ഡോക്ടര്‍മാരുടെ അധ്വാനത്തിന്റെ ഫലമാണ്. അത് മറന്നുകൊണ്ടുള്ള ഈ ബജറ്റ് കേരളം കണ്ട ഏറ്റവും നന്ദികെട്ട ബജറ്റാണ്,’ കെജിഎംസിടിഎ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലെ സേവന വേതന വ്യവസ്ഥകള്‍ മോശമായതിനാല്‍ യോഗ്യരായ യുവ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചേരാന്‍ മടിക്കുകയാണ്. ഇത് മെഡിക്കല്‍ കോളേജുകളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. കഴിഞ്ഞ ഏഴു മാസമായി രോഗികളെ ബുദ്ധിമുട്ടിക്കാതെ സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി., ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ് എന്നിവര്‍ അറിയിച്ചു.
ഐഎംഎ, കെജിഎംഒഎ, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പിജി അസോസിയേഷന് എന്നിവര്‍ക്ക് പുറമെ എസ്എഫ്ഐ, കെഎസ്യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയോടെ വരും ദിവസങ്ങളില്‍ സമരം കടുപ്പിക്കാനാണ് സംഘടനയുടെ നീക്കം.