
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് ഇന്ന് വൈകുന്നേരത്തോടെയോ രാത്രിയോടെയോ ശ്രീലങ്കന്‍ തീരത്തെ ഹബന്‍ടോട്ടയ്ക്കും കാല്‍മുനായിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ, തെക്കന്‍ കേരളത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.
ജനുവരി 12 വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴ തുടരാന്‍ സാധ്യതയുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.