വോട്ടര്‍പട്ടിക പരിഷ്‌കരണം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Jaihind News Bureau
Tuesday, January 6, 2026

ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്‌കരണ നടപടികളും കോടതിയുടെ പരിഗണനയ്ക്ക് വരും. അതേസമയം, ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 15-നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കുന്നത്. പുതുക്കിയ എസ്.ഐ.ആര്‍ കരട് പട്ടിക ഇപ്പോള്‍ voters.eci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,30,58,731 സ്ത്രീകളും 1,23,83,341 പുരുഷന്മാരും 280 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. അനര്‍ഹരായവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുന്ന പ്രക്രിയയിലൂടെ 24,08,503 പേരെയാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കും പുതുതായി പേര് ചേര്‍ക്കാന്‍ ഉള്ളവര്‍ക്കും ഈ മാസം 22 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. അപേക്ഷകള്‍ക്കൊപ്പം കൃത്യമായ സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. വോട്ടര്‍പട്ടികയെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനായി ആയിരത്തോളം ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം നിയോഗിച്ചിരിക്കുന്നത്. ചില പ്രത്യേക ബൂത്തുകളില്‍ വന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് വിശദമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.