കൊവിഡ് ഭീഷണിക്കിടെ SSLC, പ്ലസ് ടു പരീക്ഷകള്‍ തിരക്കിട്ട് നടത്താനൊരുങ്ങി കേരളം; ആശങ്കയില്‍ വിദ്യാർത്ഥികളും അധ്യാപകരും

Jaihind News Bureau
Tuesday, May 19, 2020

 

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മേയ് 26 മുതൽ നടത്താനുള്ള തിരുമാനം വിദ്യാർത്ഥികളിലും രക്ഷാകർത്താക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാണ് അധ്യാപകർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.

അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്‌കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുമെന്ന് പറയുമ്പോഴും സാമൂഹിക അകലം പാലിച്ച് മുഴുവൻ വിദ്യാർത്ഥികളെയും സ്‌കുളുകളിൽ എത്തിക്കുക അസാധ്യമാണ്. കൊവിഡ് മഹാമാരി കണക്കിലെടുത്ത് സർവകലാശാലകൾ പോലും പരീക്ഷകൾ മാറ്റി വെക്കുന്നിടത്താണ് സംസ്ഥാന സർക്കാർ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നടത്താനൊരുങ്ങുന്നത്.

മേയ് 31 വരെ സ്‌കൂളുകൾ തുറക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദേശം പോലും കാറ്റിൽ പറത്തിയാണ് പരീക്ഷകൾക്കായും മുന്നൊരുക്കങ്ങൾക്കായുംവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാട്. ഇന്ത്യയിൽ ആദ്യം പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച സംസ്ഥാനം എന്ന നേട്ടം കൈവരിക്കാനായി പിണറായി സർക്കാർ എസ്.എസ്.എൽ.സി ഹയർ സെക്കന്‍ഡറി പരീക്ഷകളും മൂല്യ നിർണയവും തിരക്കിട്ട് നടത്തുകയാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.

എസ്.എസ്.എൽ.സി ഹയർസെക്കന്‍ഡറി പരീക്ഷാ ദിവസങ്ങളിൽ 4 മുതൽ 13 ലക്ഷം വരെ വിദ്യാർത്ഥികളും ഒപ്പം രക്ഷിതാക്കൾ കൂടിയാകുമ്പോൾ പുറത്തിറങ്ങുന്നവരുടെ എണ്ണം 8 മുതൽ 26 ലക്ഷം വരെ ആകും. റെഡ് സോണിൽ ഉൾപ്പടെയുള്ള ഇത്രയധിപേർ ഒരുമിച്ച് പുറത്ത് ഇറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് നേരെ സർക്കാർ കണ്ണടയ്ക്കുകയാണ്.