കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് ഇന്ന് നൂറാം പിറന്നാൾ

Jaihind News Bureau
Saturday, January 30, 2021

 

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് ഇന്ന് നൂറാം പിറന്നാൾ. കേരളം സംസ്ഥാനമായി രൂപം കൊള്ളുന്നതിനു 36 വർഷം മുൻപായിരുന്നു കെപിസിസിയുടെ പിറവി. 1920 ഡിസംബറിൽ നാഗ്‌പുരിൽ നടന്ന 35–ാം അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനം ഇന്ത്യയിലെങ്ങും ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുണ്ടാക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച്, മലയാളം സംസാരിക്കുന്നവരുടെ നാടുകളായ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ കോൺഗ്രസ് പ്രതിനിധികൾ 1921 ജനുവരി 30ന് കോഴിക്കോട്ട് യോഗം ചേർന്നു കെപിസിസിക്കു രൂപം നൽകി. മഞ്ചേരിയിൽനിന്നുള്ള കെ. മാധവൻ നായരെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോഴിക്കോടായിരുന്നു ആസ്ഥാനം. പിന്നീട് കൊച്ചിയിലേക്കും തുടർന്നു തിരുവനന്തപുരത്തേക്കും ആസ്ഥാനം മാറ്റി.

1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് ഒന്നാം കേരള സംസ്‌ഥാന സമ്മേളനം നടന്നു. ഐക്യകേരളം എന്ന ആശയം പിറവി കൊണ്ടതും ഈ സമ്മേളനത്തിൽനിന്നാണ്. പിന്നീട് തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവിതാംകൂർ എന്നീ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചു. 1924ൽ കെപിസിസിക്കു പ്രസിഡന്റ് വേണമെന്നു തീരുമാനിച്ചപ്പോൾ മാധവൻ നായർ സ്ഥാനത്തേക്കെത്തി.

കെപിസിസി രൂപീകരണത്തോടെയാണ് സ്വാതന്ത്യ്രസമരത്തിൽ കേരളത്തിന്റെ പങ്കാളിത്തം സജീവമായത്. കെപിസിസിയുടെ ശ്രമഫലമായാണ് കുടിയാൻ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നത്. പൂർണസ്വാതന്ത്ര്യമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ആദ്യം പ്രഖ്യാപിച്ചതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ എഐസിസിക്കു വഴികാട്ടിയാകാനും കഴിഞ്ഞു. സംസ്ഥാന രൂപീകരണശേഷം 1960ല്‍ ആണു കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആദ്യമായി അധികാരത്തിലെത്തിയത്.  ഒരു വർഷം നീളുന്ന ആഘോഷമാണ് കെപിസിസി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിലെ 1504 മണ്ഡലങ്ങളിൽ 100 വീതം പ്രവർത്തകരെ പങ്കെടുപ്പിച്ചു പദയാത്ര നടത്തും .