
സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നതിനായി പണം അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് അനുവദിച്ചത്. അധിക ഫണ്ടായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായി പുതിയ വാഹനം വാങ്ങാനാണ് ഈ തുക.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് ധനവകുപ്പ് ട്രഷറി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാണ്. നാല് മാസമായി തുടരുന്ന ഈ നിയന്ത്രണങ്ങള്‍ക്കിടയിലും, മുഖ്യമന്ത്രിയുടെ പുതിയ വാഹനം വാങ്ങാനുള്ള 1.10 കോടി രൂപയ്ക്ക് ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഇളവ് നല്‍കി ഉടന്‍ ലഭ്യമാക്കാന്‍ ധനവകുപ്പ് തീരുമാനമെടുത്തു. സാധാരണ ചെലവുകള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് കോടികള്‍ മുടക്കി പുതിയ ആഢംബര വാഹനം വാങ്ങാനുള്ള തീരുമാനം.