പ്രതിപക്ഷ നേതാക്കളുടെ വില്ല സന്ദര്‍ശനത്തെ അപലപിച്ച് കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ അധ്യക്ഷന്‍ എം.എം ഹസന്, എം.എല്‍.എമാരായ പി.ടി തോമസ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവര്‍ പൊലീസുദ്യോഗസ്ഥരുടെ വിവാദമായ വില്ല ഇന്നലെ പുറത്തുനിന്ന് സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയാണിപ്പോള്‍ കേരളാ പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന് രംഗത്തെത്തതിയിരിക്കുന്നത്. പൊലീസ് സേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയ സംഘം കുടുംബാംഗങ്ങളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നാണ് ഈ വില്ല സന്ദർശനത്തിന് എതിരെയുള്ള ആരോപണം.
കഴിഞ്ഞ ദിവസം ഈ നേതാക്കള്‍ സി.എ.ജി റിപ്പോർട്ടിന്റെ നിജസ്ഥിതി അറിയാന്‍ നടത്തിയ സന്ദര്‍ശനത്തെയാണ് സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് പത്രക്കുറിപ്പിലൂടെ വിമർശിച്ചിരിക്കുന്നത്. എന്നാല്‍ ഈ നേതാക്കളുടെ സന്ദർശനം എല്ലാ ദൃശ്യമാധ്യങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫർമാരും സംഭവസ്ഥലത്തുണ്ടായിരുന്നു. സമീപത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി പണി പുരോഗമിക്കുന്ന വിവാദ വില്ലകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ നേതാക്കള്‍ അതിക്രമിച്ചുകയറുന്നതോ പൊലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത നശിപ്പിക്കുന്നതോ ആയ ഒന്നും തന്നെ കാണാനാവില്ല. എസ്.ഐമാര്‍ക്കും സാധാരണ പൊലീസ് ഉദ്യോഗസ്ഥന്മാര്ക്കും ക്വാര്‍ട്ടേഴ്സ് നിർമിക്കുന്നതിന് അനുവദിച്ച തുക വെട്ടിച്ച് വലിയ ഏമാന്മാർക്ക് വില്ല പണിയാന്‍ ഉപയോഗിച്ചെന്ന ഗുരുതര ആരോപണത്തിലെ വസ്തുത നേരിട്ട് കണ്ട് മനസിലാക്കുന്നതിനായാണ് പ്രതിപക്ഷ നേതാക്കളുടെ സംഘം സ്ഥലം സന്ദര്‍ശിച്ചത്. ഇവിടെ ഉണ്ട മോഷണം പോയ പൊലീസ് പരസ്യമായി കളവ് പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കുന്നത് മഹത്തായ പാരമ്പര്യമുള്ള കേരളാ പൊലീസിന് തന്നെ അപമാനമാനകരമാണ്.
കഴിഞ്ഞ ദിവസം വിവാദ വില്ല സന്ദര്‍ശിച്ചതിനെതിരെ ഐ.പി.എസ് അസോസിയേഷന് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മൂന്ന് പത്രക്കുറിപ്പാണ് ഇന്നലെ പുറത്തിറക്കിയത്. കീഴ്വഴക്കങ്ങള് പാലിക്കാതെ പുറത്തിറക്കിയ പ്രമേയത്തിനെതിരെ പൊലീസ് അസോസിയേഷനില്ത്തന്നെ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. സാധാരണ യോഗം ചേര്‍ന്നാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അസോസിയേഷന് പ്രസ്താവന ഇറക്കാറുള്ളത്. എന്നാല്‍ ഇന്നലെ ഒരു യോഗവും ചേരാതെ തിടുക്കപ്പെട്ട് പ്രമേയം ഇറക്കുകയായിരുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഇതിനായി ചുക്കാന്‍ പിടിച്ചതെന്നാണ് പിന്നാമ്പുറം.