പോലീസിന്റെ അനാസ്ഥ അര്‍ജുന്റെ ജീവനെടുത്തു; പോലീസ് അതിക്രമങ്ങള്‍ മുഖ്യമന്ത്രി കാണുന്നില്ല: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, July 12, 2019

തിരുവനന്തപുരം: പോലീസിന്റെ ഗുരുതര അനാസ്ഥയാണ് മരടില്‍ അര്‍ജുന്റെ മരണത്തിനിടയാക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതികളെന്ന് സംശയിക്കുന്നവരെ ബന്ധുക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഇവരുടെ വാക്ക് കേട്ട് വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. കേരളത്തിലെ പൊലീസ് അനാസ്ഥയുടെ മുഖമാണ് വെളിച്ചത്ത് വരുന്നത്.ഒന്നും അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ ഒന്നും മുഖ്യമന്ത്രി അറിയുന്നില്ല. നെടുങ്കണ്ടത്ത് നടന്ന ഉരുട്ടികൊലയും മുഖ്യമന്ത്രി അറിഞ്ഞില്ല. ഉത്തരവാദികള്‍ക്ക് എതിരെ നടപടി വേണം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ട കാലം അതിക്രമിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അര്‍ജുനെ കാണാനില്ലെന്ന പരാതി കൃത്യമായി പോലീസ് അന്വേഷിച്ചില്ല. ജൂലൈ രണ്ട് മുതലാണ് അര്‍ജുനനെ കാണാതായത്. പിറ്റേ ദിവസം തന്നെ അര്‍ജുന്റെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അര്‍ജുനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയവരുടെ വിവരങ്ങള്‍ പോലീസിനെ കൃത്യമായി അറിയിച്ചത് . പോലീസ് വീണ്ടും അനാസ്ഥ തുടര്‍ന്നതോടെ അര്‍ജുന്റെ പിതാവ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നിട്ട് പോലും അന്വേഷണം പോലീസ് ഫലപ്രദമായി നടത്തിയില്ല. ഒടുവില്‍ ചതുപ്പില്‍ പുതഞ്ഞു കിടക്കുന്ന അര്‍ജുന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് മിഷേല്‍ എന്ന പെണ്‍കുട്ടിയെ കാണ്മാനില്ലെന്നു പറഞ്ഞു രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ട് പോലീസ് അന്വേഷിച്ചില്ല. ഒടുവില്‍ മൃതദേഹമാണ് കിട്ടിയത്. നെട്ടൂരും ഈ വീഴ്ച ആവര്‍ത്തിക്കുകയാണ്. ഇവിടെ പോലീസും സ്പെഷ്യല്‍ ബ്രാഞ്ചുമൊക്കെ എന്തിനാണ്? ഗൗരവം നിറഞ്ഞ കുറ്റകൃത്യത്തെ നിസാരമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യഥാസമയം അന്വേഷണം നടത്തിയിരുന്നെങ്കില്‍ അര്‍ജുന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ഒരുഭാഗത്ത് ഉരുട്ടികൊലപാതകവും മറുഭാഗത്ത് അന്വേഷണത്തില്‍ സംഭവിക്കുന്ന വീഴ്ചയും മൂലം പോലീസ് സേന സംസ്ഥാനത്ത് നിര്‍വീര്യമായിരിക്കുന്നു. മുഖ്യമന്ത്രി ഇനിയും വകുപ്പ് കൈയില്‍ വച്ച് കൊണ്ടിരിക്കരുത് ഉടന്‍ ഒഴിയണം -രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു