മന്ത്രി വീണാ ജോര്‍ജ്ജ് ആശുപത്രി വിട്ടു; മൊഴിയെടുക്കാന്‍ പൊലീസ് ഇന്ന് അനുമതി തേടും

Jaihind News Bureau
Friday, February 27, 2026

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പുലര്‍ച്ചെ 4 മണിയോടെയാണ് ആശുപത്രി വിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. വ്യാഴാഴ്ച രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്.

പുലര്‍ച്ചെ നാല് മണിയോടെ മന്ത്രിയും സംഘവും റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ സ്വന്തം വാഹനത്തിലാണ് യാത്ര. മന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് എത്തിയതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

അതേസമയം മന്ത്രിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് വീണ്ടും അനുമതി തേടും. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിഷേധം നടന്ന പരിസരത്തെ ദൃശ്യങ്ങള്‍ക്കായി റെയില്‍വേ സംരക്ഷണ സേനയ്ക്ക് (RPF) അന്വേഷണ സംഘം അപേക്ഷ നല്‍കി.