മഴ കനത്തില്ലെങ്കിൽ കേരളത്തിലും വരൾച്ചയ്ക്ക് സാധ്യത

Jaihind Webdesk
Friday, June 21, 2019

കേരളത്തിൽ ഇടവപ്പാതിയിൽ വൻ കുറവ്. 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ കനത്തില്ലെങ്കിൽ കേരളത്തിൽ വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ജൂണിൽ 398.5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ഇന്നലെ വരെ പെയ്തത് 236.3 മില്ലിമീറ്റർ മഴയാണ്. കഴിഞ്ഞ വർഷം ഇത് 579.8 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവ് കാസർകോട്ടാണ്. ഇവിടെ 57ശതമാനം മഴയാണ് രേഖപ്പെടുത്തിയത്. പ്രളയം, എൽനിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവയാണ് മഴ ലഭ്യത കുറയാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. പ്രളയാനന്തരം മണ്ണിലും അന്തരീക്ഷത്തിലും ഈർപ്പം കുറഞ്ഞു. ഇത് മഴമേഘങ്ങളെ ദുർബലമാക്കി. എൽനിനോയുടെ ഭാഗമായി കടലിന് ചൂടേറിയത് കാലവർഷ കാറ്റിന്റെ ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി. ഇതോടെ കടലിലെ ന്യുനമർദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി. ജൂൺ പത്തിന് ആരംഭിച്ച കാലവർഷം രണ്ട് ദിവസം കഴിഞ്ഞ് ‘വായു’വിനൊപ്പം ദുർബലമായി. കേരളമടങ്ങുന്ന ദക്ഷിണ മേഖലയിൽ 97ശതമാനം മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിച്ചത്. ഇത് വീണ്ടുംകുറയാനാണ് സാധ്യത. അങ്ങനെയെങ്കിൽ കേരളത്തിൽ വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടാൽ ഭേദപ്പെട്ട മഴ ലഭിക്കും. എങ്കിലും കഴിഞ്ഞ വർഷത്തെയത്ര ലഭിക്കില്ല. ഇടുക്കി ജലസംഭരണിയിൽ ഏഴ് വർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. സംഭരണശേഷിയുടെ 14.5 ശതമാനം മാത്രം. വ്യാഴാഴ്ച ജലനിരപ്പ് 2306.68 അടിയാണ്. കഴിഞ്ഞവർഷം 2343.42ആയിരുന്നു. കാലവർഷം 20 ദിവസമായപ്പോൾ പദ്ധതിപ്രദേശത്ത് 152.2 മില്ലിമീറ്റർ പെയ്തു. കഴിഞ്ഞവർഷം ഇത് 616
മില്ലിമീറ്ററായിരുന്നു.