തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് 29ന്; എല്‍.ഡി.എഫിന് ബാലികേറാമലയാകും

Jaihind Webdesk
Wednesday, November 21, 2018

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 29ന്. 27 ഗ്രാമപഞ്ചായത്തുകളിലേക്കും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറ് നഗരസഭാ വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന് വലിയ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ തന്നെ എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഉറച്ച നിലപാടുമായി മുന്നോട്ടുപോകുന്ന യു.ഡി.എഫിന് ഈ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനായി യു.ഡി.എഫ് വിശ്വാസിസമൂഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും രാഷ്ട്രീയഗൂഢനീക്കങ്ങള്‍ക്കും തിരിച്ചടിയാകും.

നവംബര്‍ 29ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 30ന് നടക്കും.