ഹഥ്‌റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി ലഭിച്ചു. അതേസമയം, വക്കാലത്ത് ഒപ്പിടാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സൊളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. കേസ് വിശദമായി പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകി. അതേസമയം സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിന് മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നൽകി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.