ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ  സജ്ജമല്ലെന്ന് കേരളം; ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

Jaihind News Bureau
Thursday, September 10, 2020

Election-Commission-of-India

 

തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ  സജ്ജമല്ലെന്ന് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി നൽകിയ കത്തിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ഓഗസ്റ്റ് 21-നാണ് ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. കൊവിഡ് വ്യാപനവും കാലവര്‍ഷവും അടക്കമുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതലാണ്. കുട്ടനാട് നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 76.28ശതമാനമായിരുന്നു വോട്ടിങ്ങ് ശതമാനം. ചവറയില്‍ ഇത് 77.21 ശതമാനമായിരുന്നു. ലക്ഷകണക്കിന് പേര്‍ വിവിധ പോളിംഗ് ബുത്തുകളിലേക്ക് ഒഴുകി എത്തുമെന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് വോട്ടിങ് നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട പൊലീസ്, ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണുള്ളത്. കൂടാതെ സംസ്ഥാനത്ത് മഴക്കാലമാണ്. മഴ തുടരുന്നതും കാലവര്‍ഷക്കെടുതികളും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുകയാണെങ്കില്‍ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍വരും. അതോടെ പല ക്ഷേമപദ്ധതികളും നിര്‍ത്തിവെക്കേണ്ടിവരും. കൊവിഡിന്‍റെ ഭാഗമായുള്ള പ്രതിസന്ധികള്‍ക്കിടെ ക്ഷേമപദ്ധതികള്‍ക്കൂടി നിര്‍ത്തിവെക്കുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് സർക്കാരിന്‍റെ പക്ഷം.

https://youtu.be/5TMngHS2p3M