കൊറോണ : കനത്ത ജാഗ്രതയില്‍ സംസ്ഥാനം, നിയന്ത്രണങ്ങള്‍ കർശനം; സ്കൂളുകള്‍ അടച്ചിടും, പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Tuesday, March 10, 2020

തിരുവനന്തപുരം : കൊവിഡ് 19 വൈറസ് ബാധക്കെതിരെ കർശന ജാഗ്രത തുടരേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ അസാധാരണ കരുതലിലേക്ക് പോകാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ പൊതുപരിപാടികളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും അടച്ചിടും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. മദ്രസകളും അങ്കണവാടികളും ഉള്‍പ്പെടെ അടച്ചിടണം. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ട്യൂഷനും പാടില്ല. വിവാഹം ഉള്‍പ്പെടെ ആളുകൾ കൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കേണ്ടതുണ്ട്. വിവാഹം ലളിതമായി നടത്താന്‍ ശ്രദ്ധിക്കണം. വ്യക്തിശുചിത്വം നിർണായക ഘടകമാണ്. ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. സാനിറ്റൈസറും മാസ്ക്കുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മതപരമായ ചടങ്ങുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കുന്ന സാഹചര്യം അപകടകരമാണ്. ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എല്ലാം ചടങ്ങ് മാത്രമാക്കാനും മുഖ്യമന്ത്രി നിർദേശം നല്‍കി. ശബരിമലയിലേക്ക് ഭകതര്‍ ദർശനത്തിന് പോകുന്നത് നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കാൻ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ഇക്കാര്യം ക്രമീകരിക്കേണ്ടതുണ്ട്. കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ കടുത്ത നിന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ നിര്‍ബന്ധിതമായിരിക്കുകയാണെന്നും ഭീതിയല്ല, ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 12 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.‍