
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അടിക്കടി പരോള്‍ ലഭിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ച കോടതി, ഇവര്‍ക്ക് അനുവദിച്ച പരോളുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വ്യക്തമാക്കി. പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
ടി.പി. കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധമായ രീതിയില്‍ പരോള്‍ ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യമാണ്. പ്രതികള്‍ക്ക് ജയില്‍ സംവിധാനങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിയില്‍, ഹര്‍ജിക്കാരന്‍ ടി.പി. വധക്കേസിലെ പ്രതിയാണെന്ന കാര്യം വ്യക്തമാക്കാതിരുന്നതിനെ കോടതി വിമര്‍ശിച്ചു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പരോളിന് അര്‍ഹതയുള്ളൂ. എന്നാല്‍ നിലവിലെ അപേക്ഷയില്‍ പറയുന്ന വ്യക്തി അടുത്ത ബന്ധുവല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ ഉടന്‍ തന്നെ ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിക്കുന്ന സാഹചര്യം നിലവിലുണ്ട്. പ്രതികളുടെ ഉയര്‍ന്ന രാഷ്ട്രീയ-ഭരണ സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു.
ജ്യോതി ബാബുവിന്റെ ഭാര്യ സ്മിതയാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ പിതാവിന്റെ സഹോദരപുത്രന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 10 ദിവസത്തെ അടിയന്തര പരോള്‍ വേണമെന്നായിരുന്നു ആവശ്യം. വീട്ടില്‍ മറ്റ് പുരുഷന്മാരില്ലെന്ന വാദവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജയില്‍ ചട്ടങ്ങള്‍ പാലിച്ച് ഈ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു.