എലപ്പുള്ളി ബ്രൂവറി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; അനുമതി റദ്ദാക്കി ഹൈക്കോടതി; പഠനം നടത്താത്തതില്‍ വിമര്‍ശനം

Jaihind News Bureau
Friday, December 19, 2025

കൊച്ചി: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. മതിയായ പഠനങ്ങളോ വിശകലനങ്ങളോ നടത്താതെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്.

ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് ഈ വിഷയത്തില്‍ കൃത്യമായ അപഗ്രഥനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ‘ഒയാസിസ്’ കമ്പനിക്ക് അനുവദിച്ച പ്രാഥമിക അനുമതിയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

പുതിയ പഠനം നടത്തിയ ശേഷം, പദ്ധതിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് പതീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങളും കുടിവെള്ള ക്ഷാമവും മുന്‍നിര്‍ത്തി പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്ന പദ്ധതിയാണിത്.