വരുന്ന 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ; തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി

Jaihind Webdesk
Thursday, November 16, 2023

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. അത് വടക്ക് കിഴക്ക് ദിശമാറി നവംബര്‍ 18ന് രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊന്‍ഗ്ലക്കും ഖേപ്പുപറക്കും മധ്യ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. വടക്കന്‍ ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാകും കൂടുതല്‍ മഴക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയില്ലെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്തെ ഒരു ജില്ലയിലും അലര്‍ട്ടുകളൊന്നും ഇതുവരെ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.