കടത്തോടു കടം, അതുപോലെ ധൂർത്തും; ഖജനാവ് കാലി ! പണത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ കേരള സർക്കാർ

Jaihind Webdesk
Monday, August 21, 2023

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തിയ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്നു ലഭിക്കാനുള്ള കുടിശിക തുക കിട്ടുന്നതിനായി സമ്മർദം ശക്തമാക്കാൻ നീക്കമാരംഭിച്ചു. വിവിധ സ്കീമുകളിലായി 3,680 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് അയച്ച് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് എത്രമാത്രം ഫലപ്രദമാകും എന്ന് കണ്ടറിയേണ്ടതുണ്ട്.

വിവിധ സ്കീമുകളിലായി 3,680 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്ന വാദവുമായിട്ടാണ് കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. റേഷൻ വിതരണത്തിൽ 256 കോടിയും ആരോഗ്യമേഖലയ്ക്കുളള ഗ്രാന്‍റായി 174 കോടിയും ക്ഷേമപെൻഷൻ വിതരണം ചെയ്തതിലെ കേന്ദ്രവിഹിതമായ 522 കോടിയും യുജിസി അധ്യാപകരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കിയ വകയിൽ 751 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 51 കോടി രൂപയും
കേന്ദ്രം കുടിശികയായി നൽകാൻ ഉണ്ടെന്നാണ് കേരളത്തിന്‍റെ വാദം. ഇതിനുപുറമെ കഴിഞ്ഞ കേന്ദ്രബജറ്റിൽ മൂലധന നിക്ഷേപത്തിന് വായ്പ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ഇനത്തിൽ 1,925 കോടി കിട്ടണമെന്നാണ് സംസ്ഥാനത്തിന്‍റെ കണക്ക്. ഇങ്ങനെ 3860 കോടി രൂപ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്.

വരുന്ന ഏഴുമാസം കേരളത്തിന് കടമെടുക്കാൻ അവശേഷിക്കുന്നത് കേവലം 2,021 കോടി രൂപയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള കുടിശിക ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂ എന്നാണ് കേരളത്തിന്‍റെ വാദം. ധനമന്ത്രി നിർമല സീതാരാമന് എംപിമാരുടെ സംഘം നൽകിയ നിവേദനത്തിൽ ഈ കണക്കും ചേർത്തിരുന്നു. പുറമെ കേന്ദ്രധനമന്ത്രാലയത്തിന് രണ്ടുതവണ കത്തും നൽകിയിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ നേരിട്ട് ഡൽഹിയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ കേരളത്തിന്‍റെ കണക്കും വാദവും എത്രമാത്രം കേന്ദ്രം അംഗീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന പ്രതിപക്ഷ ആരോപണത്തെ അടിവരയിട്ട് ശരിവെക്കുന്ന നിലയിലേക്ക് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തിയിരിക്കുകയാണ്.