സംസ്ഥാന പോലീസിന്റെ മുഖ്യ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് പുതിയ രൂപത്തിൽ നിലവിൽ വന്നു. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ കാര്യക്ഷമത ഉയർത്തുന്ന തരത്തിലാണ് പുനഃസംഘടന.
എ.ഡി.ജി.പി യുടെ കീഴിൽ മൂന്ന് ഐ.ജി മാരുടെ ചുമതലയിൽ ഉത്തര, മധ്യ, ദക്ഷിണ മേഖലകളായി തിരിച്ച് കുറ്റാന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തുന്ന രീതിയിലാണ് പുനഃസംഘടന. ഓരോ ജില്ലയിലും ഒരു എസ്.പിയുടെ കീഴിൽ 2 മുതൽ 3 വരെ ഡി.വൈ.എസ്.പിമാരും 6 വീതം ഇൻസ്പെക്ടർമാരും ഉൾപ്പെട്ടതാണ് പുഃ:ക്രമീകരണം.
വിവിധ ജില്ലകൾ ഉൾപ്പെടുന്നതും വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്നതുമായ കേസുകൾ അന്വേഷിക്കുന്നതിന് 4 സെൻട്രൽ യൂണിറ്റുകളായി തിരിച്ച് 4 എസ്.പി മാരുടെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഇനിയുളള പ്രവർത്തനം. 2 സെൻട്രൽ യൂണിറ്റുകൾ തിരുവനന്തപുരവും, ഒരെണ്ണം എറണാകുളവും മറ്റൊന്ന് കോഴിക്കോടും ആസ്ഥാനമാക്കിയും ആണ് പ്രവർത്തിക്കുക.
ഓരോ ജില്ലയിലും ഹർട്ട് ആൻറ് ഹോമിസൈഡ്, ഓർഗനൈസ്ഡ് ക്രൈം, സാമ്പത്തിക കുറ്റാന്വേഷണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ഓരോ ഡി.വൈ.എസ്.പിമാരുടെ കീഴിലും പ്രവർത്തിക്കും.