മരടിലെ ഫ്ലാറ്റ് : തുടര്‍നടപടികളില്‍ സര്‍ക്കാരിന് അവ്യക്തത; സത്യവാങ്മൂലം നാളെ സമര്‍പ്പിക്കണം

Jaihind News Bureau
Thursday, September 19, 2019

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തിൽ സർക്കാരിന് അവ്യക്തത. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള നടപടികൾ വിവരിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകേണ്ട തീയതി നാളെയാണ്. ഇതിനിടെ ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

കേസിൽ തുടർ നിയമനടപടികളുടെ കാര്യത്തിൽ സംസ്ഥാനസർക്കാരിന് ഇതുവരെയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ വഴി തെളിഞ്ഞിട്ടില്ല. അറ്റോണി ജനറൽ കെ.കെ.വേണുഗോപാലുമായും സർക്കാർ ചർച്ച നടത്തി. ഡൽഹിയിൽ മുതിർന്ന നിയമജ്ഞരുടെ മാർഗനിർദേശം ഇപ്പോഴും തേടുകയാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന കേരളത്തിന്‍റെ ആവശ്യവും കേന്ദ്രമന്ത്രാലയം തള്ളി. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെങ്കിലും ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചതായാണ് വിവരം. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്‍റെ ആവശ്യവും അംഗീകരിച്ചില്ല.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലം നൽകേണ്ടതു നാളെയാണ്. യുഎസിലുള്ള ചീഫ് സെക്രട്ടറി ടോം ജോസിനു പകരം ചീഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷനൽ ചീഫ് സെക്രട്ടറിയോ വിശ്വാസ് മേത്തയോ ടി.കെ.ജോസോ സത്യവാങ്മൂലം നൽകിയാൽ മതിയാകുമോ എന്നു സർക്കാർ ആരാഞ്ഞെങ്കിലും അത് അനുവദിക്കില്ലെന്ന മറുപടി ലഭിച്ചതിനെ തുടർന്നു ചീഫ് സെക്രട്ടറിയോട് നേരിട്ടു ഡൽഹിയിലേക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.