സ്പ്രിംഗ്ളർ കമ്പനി സംസ്‌ഥാനത്തിന്‍റെ എംബ്ലം ഉപയോഗിച്ചത് കുറ്റകരം; കമ്പനിക്കെതിരെ കേസ് എടുക്കണമെന്ന് കേരള കോൺഗ്രസ്(ജെ) ജനറൽ സെക്രട്ടറി; ഡിജിപിയ്ക്ക് പരാതി നൽകി

Jaihind News Bureau
Friday, April 17, 2020

കൊവിഡുമായി ബന്ധപ്പെട്ട് ക്വാറൻറ്റീനിൽ കഴിയുന്ന രോഗികളുടെയും വ്യക്തികളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പ്രിംഗ്ലർ എന്ന സ്വകാര്യ കമ്പനി അവരുടെ വെബ്സൈറ്റിൽ, കേരള സംസ്ഥാനത്തിൻറെ എംബ്ലം ഉപയോഗിച്ചതിനെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മനോജ് കുമാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകി.

ഇത് സംബന്ധിച്ച രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പുറത്ത് വിട്ടിരുന്നു. സ്പ്രിംഗ്ലർ കമ്പനി കേരള സംസ്ഥാനത്തിൻറെ എംബ്ലം തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ കമ്പനിയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ച് ദുരുപയോഗം ചെയ്തത് 1950 ലെ ദി എംബ്ലംസ് ആൻഡ് നെയിംസ് (പ്രീവെൻഷൻ ഓഫ് ഇമ്പ്രോപ്പർ യൂസ്) ആക്ട് പ്രകാരം കുറ്റകരമാണ്. സർക്കാർ വക വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംബ്ലം നീക്കിയെങ്കിലും, ആക്ടിന് വിരുദ്ധമായി നേരത്തെ ഉപയോഗിച്ചതായി തെളിഞ്ഞ സാഹചര്യത്തിൽ, സ്പ്രിംഗ്ലർ കമ്പനിക്കെതിരെ കേസെടുക്കണമെന്നാണ് മനോജ് കുമാർ ആവശ്യപ്പെടുന്നത്.

കൊവിഡിന്‍റെ പ്രതിരോധത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോം കരാർ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്‌ളറിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ നടപടി ആദ്യം മുതൽക്കേ ദുരൂഹത നിറഞ്ഞതായിരുന്നു. ഐസൊലേഷനിൽ കഴിയുന്നവരുടെ വിവരങ്ങൾ കമ്പനിയ്ക്ക് കൈമാറിയതായുള്ള തെളിവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടതോടെയാണ് സർക്കാരിന്റെ ഒളിച്ചു കളി പുറത്താകുന്നത്. വിവരങ്ങൾ കൈമാറിയതിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് ഇൻഷുറൻസ് പോലും ലഭിക്കാതെയാകും എന്നുള്ളത് ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. വാർത്ത സമ്മേളനത്തിൽ സ്‌പ്രിംഗ്‌ളറുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെ മുഖ്യമന്ത്രി ഒഴിവാക്കിയതും ഐ.ടി സെക്രട്ടറി പരസ്യത്തിൽ അഭിനയിച്ചതും വിവാദമായി. തനിക്ക് കരാറിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഐ.ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. ഒടുവിൽ കൂടുതൽ ചോദ്യങ്ങൾക്ക് നിന്ന് കൊടുക്കാതിരിക്കാനായി വൈകുന്നേരങ്ങളിൽ നടത്തിയിരുന്ന കോവിഡുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനം വരെ മുഖ്യമന്ത്രിക്ക് നിർത്തേണ്ടി വന്നു.