യു.ഡി.എഫിന്‍റെ ‘ലൈറ്റ്‌സ് ഓഫ്‌ കേരള’ യ്ക്ക്‌ അഭിവാദ്യം അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) വിഭാഗം; സെക്രട്ടേറിയേറ്റ്‌ പടിയ്ക്കല്‍ ‘റാന്തല്‍ വെട്ടത്തില്‍’ ധര്‍ണ്ണ

Jaihind News Bureau
Wednesday, June 17, 2020

സര്‍ക്കാരും, പൊതുമേഖലാ സ്ഥാപനങ്ങളും, ജനങ്ങള്‍ക്ക്‌ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതിനായി കൊവിഡ്‌ കാലത്തെ മാറ്റിയെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്‌. മനോജ്‌ കുമാര്‍. വൈദ്യുതി ബോര്‍ഡിന്‍റെ വീഴ്ച കൊണ്ടാണ്‌ ഭീമമായ വൈദ്യതി ബില്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭിച്ചത്‌. യഥാസമയം മീറ്റര്‍ റീഡിംഗ്‌ എടുത്തിരുന്നുവെങ്കില്‍ ബില്‍ തുക വര്‍ദ്ധിക്കുകയില്ലായിരുന്നു. റീഡിംഗ്‌ യഥാസമയം എടുക്കാത്തതിനാല്‍ സ്ലാബില്‍ ഉണ്ടായ മാറ്റം അധിക ബാദ്ധ്യതയ്ക്ക്‌ വഴിയൊരുക്കി. ബോര്‍ഡിന്‍റെ കെടുകാര്യസ്ഥതയ്ക്ക്‌ ഭീമമായ തുക ഉപഭോക്താക്കള്‍ അടക്കേണ്ടിവരുന്നത്‌ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണം. ഓരോ മാസവും ബില്ലിംഗ്‌ നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തയ്യാറാകണമെന്നും മനോജ്‌ കുമാര്‍ ആവശ്യപ്പെട്ടു.

വൈദ്യുതി ബില്‍ വദ്ധനവിനെതിരെ യൂത്ത് ഫ്രണ്ട്‌ (ജേക്കബ്‌) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ്‌ പടിയ്ക്കല്‍ വൈകിട്ട്‌ “റാന്തല്‍ വെട്ടത്തില്‍”” നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ്‌ കാലത്ത്‌ ജനങ്ങള്‍ക്ക്‌ തുച്ഛമായ ആനുകൂല്യങ്ങള്‍ നല്‍കി ഇരട്ടി പ്രതിഫലം നേടാന്‍ വൈദ്യുതിബോര്‍ഡിനെ ദുരുപയോഗം ചെയ്തുവെന്നും മനോജ്‌ കുമാര്‍ ആരോപിച്ചു.

യൂത്ത്ഫ്രണ്ട്‌ (ജേക്കബ്‌) ജില്ലാ പ്രസിഡന്‍റ്‌ ജോണി മലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ യൂത്ത്ഫ്രണ്ട്‌ (ജേക്കബ്‌) സംസ്ഥാന ജില്ലാ ഭാരവാഹികളായ അജയ്‌ നന്ദന്‍കോട്‌, എന്‍. കമല്‍ രാജ്‌, എം. ജി. അനീഷ്‌, ബി. വിജിന്‍ ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

യു.ഡി.എഫിന്‍റെ ‘ലൈറ്റ്‌ ഓഫ്‌ കേരള’ യ്ക്ക്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്‌ 9 മണിക്ക്‌ റാന്തല്‍ വിളക്കണച്ച്‌ സമരം അവസാനിപ്പിക്കും.