കൊവിഡ് വ്യാപനം : ശനി, ഞായർ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

Jaihind Webdesk
Thursday, July 29, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന ശനി, ഞായർ ദിവസങ്ങളില്‍ (ജൂലൈ 31, ഓഗസ്റ്റ് 1) സമ്പൂർണ്ണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയേക്കും. നിയന്ത്രണങ്ങള്‍ക്കിടെയും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കമെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമർശനം ഉയരുന്നുണ്ട്.

ആശങ്കാജനകമാണ് കേരളത്തിലെ കൊവിഡ് കണക്കുകള്‍. സമീപ ദിവസങ്ങളില്‍ 22,000 ലേറെ പ്രതിദിന കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്താകെയുള്ള കൊവിഡ് കേസുകളുടെ പകുതിയിലേറെയും കേരളത്തില്‍ നിന്നാണ്. രാജ്യത്ത് കൊവിഡ് തരംഗം ക്രമാനുഗതമായി കുറയുമ്പോഴും കേരളത്തില്‍ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. ഒരു ഘട്ടത്തിലും ടിപിആർ പത്തില്‍ താഴെ എത്തിക്കാനും നിലവിലെ നിയന്ത്രണങ്ങള്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് കേരളത്തിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമായത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ക്ക് കഴിയുന്നില്ല. ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് കുറവൊന്നുമില്ല എന്നതും സര്‍ക്കാരിനെതിരെ വിമർശനങ്ങള്‍ ശക്തമാക്കുന്നു. ബാറുകളെല്ലാം തുറന്നപ്പോഴും വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാതിരുന്നതും വലിയ പ്രതിഷേധത്തിന് വഴിതുറന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് ജനത്തിരക്ക് വർധിപ്പിക്കാനേ ഉപകരിക്കൂ എന്നും കൊവിഡ് മൂന്നാം തരംഗം ഭീഷണിയായി തൊട്ടരികെയുള്ളപ്പോഴും രണ്ടാം തരംഗം പോലും നിയന്ത്രണത്തില്‍ അല്ലെന്നതാണ് സംസ്ഥാനത്ത് വലിയ ആശങ്കയുണർത്തുന്നത്.