ഇറാൻ-ഇസ്രായേൽ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം

Jaihind News Bureau
Sunday, March 1, 2026

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യുദ്ധമേഖലയിലുള്ള പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനായി ആവശ്യമായ എല്ലാ സഹായങ്ങളും കേരള സർക്കാർ വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ.

 വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് നിലവിൽ ദുബായിൽ കുടുങ്ങിക്കിടക്കുന്നത്. പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 എംബിഎ വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി ദുബായിൽ എത്തിയതായിരുന്നു. ഇവർ നിലവിൽ സുരക്ഷിതരാണെന്നും ഹോട്ടലുകളിലേക്ക് മാറ്റിയതായും കോളേജ് അധികൃതർ വ്യക്തമാക്കി. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ശ്രമങ്ങൾ നടന്നുവരികയാണ്.

: ബെല്ലാരി സിറ്റി എംഎൽഎ നാര ഭാരത് റെഡ്ഡി ഉൾപ്പെടെ കർണാടകയിൽ നിന്നുള്ള ഇരുനൂറോളം പേരും ദുബായിൽ കുടുങ്ങിയിട്ടുണ്ട്. പഠനാവശ്യത്തിന് പോയ 150 അംഗ സംഘവും ബെല്ലാരിയിൽ നിന്നുള്ള 15 അംഗ കുടുംബവും ഇതിൽ ഉൾപ്പെടുന്നു. വിഷയത്തിൽ കർണാടക സർക്കാർ അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു വരികയാണ്. കർണാടക സർക്കാർ സഹായത്തിനായി പ്രത്യേക ഹെൽപ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.