
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയെന്ന അവകാശവാദത്തോടെയാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. വരാനിരിക്കുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ‘ന്യൂ നോര്‍മല്‍ കേരളം’ യാഥാര്‍ത്ഥ്യമാകുമെന്നും കേരളത്തിന്റെ വികസന മാതൃകകള്‍ ആത്മവിശ്വാസത്തോടെ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി സഭയെ അറിയിച്ചു. കേന്ദ്രത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്.
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ കേരളത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. നികുതി വിഹിതം വെട്ടിക്കുറച്ചതും വായ്പാ പരിധി കുറച്ചതും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും, ഇതിനായുള്ള യോജിച്ച ശ്രമങ്ങള്‍ കേരളത്തില്‍ കുറവാണെന്നും പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മന്ത്രി പ്രസ്താവിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭമാണ് ഇപ്പോള്‍ കാണുന്നതെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും ബജറ്റില്‍ ആരോപണമുണ്ട്.
ആശാ വര്‍ക്കര്‍മാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചു. സമാനമായ രീതിയില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരക്മാര്‍ക്കും 1000 രൂപയുടെ വര്‍ധനവ് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗുണപരമായ പുരോഗതിയുണ്ടായെന്നും അവകാശപ്പെട്ട മന്ത്രി, വര്‍ഗീയ ശക്തികള്‍ കേരളത്തിന്റെ കൂട്ടായ്മയില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നതായും മുന്നറിയിപ്പ് നല്‍കി.