
സിലാപത്തര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സെമി ഫൈനലില്‍. ക്യാപ്റ്റന്‍ എം. മനോജ്, മുഹമ്മദ് അജ്സല്‍, അബൂബക്കര്‍ ദില്‍ഷാദ് എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സര്വീസസിനോടേറ്റ പരാജയത്തിന്റെ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെയാണ് കേരളം ഇന്നിറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കേരളം 17-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. ഒരു കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച് ക്യാപ്റ്റന്‍ എം. മനോജാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ (44-ാം മിനിറ്റ്) മുഹമ്മദ് അജ്സലിലൂടെ കേരളം ലീഡ് രണ്ടാക്കി വര്‍ധിപ്പിച്ചു. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ ഗോളുകള്‍ മടക്കാന്‍ അസം കഠിനമായി ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയും ഗോള്‍കീപ്പര്‍ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ സജീഷ് നല്കിയ പാസില്‍ നിന്നും പകരക്കാരനായി ഇറങ്ങിയ അബൂബക്കര്‍ ദില്‍ഷാദ് മൂന്നാം ഗോളും നേടി കേരളത്തിന്റെ വിജയം ആധികാരികമാക്കി.
തമിഴ്നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-1) മറികടന്നാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം ഏറെ നിര്‍ണായകമാണ്. മറ്റൊരു ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ ഇടംപിടിച്ചിട്ടുണ്ട്.