വാച്ച് ആന്‍ഡ് വാര്‍ഡിനെ ചവിട്ടി വീഴ്ത്തി, സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു; കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായത്തിന് 11 വയസ്സ്; ജനാധിപത്യം ലജ്ജിച്ച ആ ദിനം

Jaihind News Bureau
Saturday, March 14, 2026

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരിക്കലും മായാത്ത നാണക്കേടിന് 11 വര്‍ഷം തികഞ്ഞു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് അവതരണം തടയാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ സഭയ്ക്കുള്ളില്‍ അഴിച്ചുവിട്ട ഗുണ്ടാ വിളയാട്ടം ജനാധിപത്യ കേരളം ഇന്നും ഭീതിയോടെയും ലജ്ജയോടെയുമാണ് ഓര്‍ക്കുന്നത്.

ജനങ്ങള്‍ നിയമനിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തയച്ചവര്‍ തെരുവുഗുണ്ടകളെപ്പോലെ പെരുമാറിയ ആ ദിനം കേരളത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തിലെ ‘കറുത്ത അധ്യായം’ തന്നെയാണ്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെ സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറിയ ഇടത് നേതാക്കള്‍ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അക്രമങ്ങളാണ്. സഭയ്ക്കുള്ളില്‍ അവര്‍ നടത്തിയ അഴിഞ്ഞാട്ടം തത്സമയം ലോകം മുഴുവന്‍ കണ്ടതാണ്. പ്രതിഷേധിക്കാന്‍ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കെ, കായികബലം കൊണ്ട് നിയമസഭയെ ഒരു യുദ്ധക്കളമാക്കി മാറ്റാനാണ് അന്ന് സി.പി.എമ്മും കൂട്ടരും ശ്രമിച്ചത്.

ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ അടിച്ചുതകര്‍ത്തവര്‍ ഭരണത്തിന്റെ ഉന്നത കസേരകളില്‍ ഇരുന്ന് വികസനത്തെക്കുറിച്ചും ജനാധിപത്യത്തിലെ അവകാശങ്ങളെ കുറിച്ചും പറയുന്നു. നികുതിപ്പണം കൊണ്ട് വാങ്ങിയ വസ്തുക്കള്‍ തകര്‍ക്കാന്‍ ഇവര്‍ക്ക് എന്ത് അവകാശം !ഈ കേസ് പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി സുപ്രീം കോടതി വരെ പോയെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ‘സുപ്രീം കോടതി നിരീക്ഷങ്ങള്‍ സി.പി.എമ്മിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്.

ജനാധിപത്യത്തിന്റെ അന്തസ്സ് കെടുത്തുന്ന ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് ജനാധിപത്യ കേരളംമാപ്പ് നല്‍കില്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ ആശയങ്ങള്‍ കൊണ്ടും സംവാദങ്ങള്‍ കൊണ്ടും നേരിടുന്നതിന് പകരം, കയ്യാങ്കളിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇടത് സംസ്‌കാരം കേരളത്തിന് എന്നും ഒരു ശാപമാണ്. ഈ വാര്‍ഷിക വേളയില്‍ കേരളം ഒരേ സ്വരത്തില്‍ പറയുന്നു… ആ കറുത്ത ദിനത്തിന് നിങ്ങള്‍ക്ക് മാപ്പില്ല.