ആരോഗ്യ മന്ത്രിയുടെ ചികിത്സാ വിവരങ്ങള്‍ പുറത്ത് വിടണം; കെ.എസ്.യു നേതാവിന്റെ വീടിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കും: അലോഷ്യസ് സേവ്യര്‍

Jaihind News Bureau
Friday, February 27, 2026

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മന്ത്രിക്ക് ചികിത്സ നല്‍കിയത് സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ അക്രമിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പിണറായി വിജയന്‍ പോലീസിന്റെ റിപ്പോര്‍ട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അഭിനയ മന്ത്രിയുടെ പ്രവര്‍ത്തികള്‍ക്ക് പൊതുസമൂഹം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ,കേരളത്തിലുടനീളം കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കയ്യും കെട്ടി നോക്കി നില്‍ക്കില്ലന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം ഉയര്‍ത്തിയ കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുല്‍ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കും.

ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പോലീസ് പിന്തുണയില്‍ അക്രമ പരമ്പരകള്‍ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയായും, സിപിഎം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.