
2025ല്‍ കേരളം നില്‍ക്കുന്നത് വികസനത്തിന്റെ കൊടുമുടിയിലാണെന്ന് അവകാശപ്പെടുന്നവര്‍ കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ദാരിദ്ര്യമുക്തമെന്ന് ബോര്‍ഡെഴുതി വച്ചിട്ട് പാവപ്പെട്ടവന്റെ റേഷന്‍ മുടക്കുന്ന, ഒരു വശത്ത് ആഘോഷങ്ങള്‍ക്കായി കോടികള്‍ ഒഴുക്കുമ്പോള്‍ മറുവശത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ കിട്ടാതെ സാധാരണക്കാര്‍ മരിച്ചുവീഴുന്ന ക്രൂരമായ കാഴ്ചയാണിത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ പുറത്തുവിടുന്ന കണക്കുകളും സാധാരണക്കാരുടെ ജീവിത യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഈ സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിക്കഴിഞ്ഞു.
കേരളത്തിന്റെ അഭിമാനമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ആരോഗ്യരംഗം 2025-ല്‍ എത്തിനില്‍ക്കുന്നത് കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു നിരപരാധിയായ സ്ത്രീയുടെ ജീവന് നഷ്ടപ്പെട്ട സംഭവം ആരോഗ്യവകുപ്പിന്റെ ക്രിമിനല്‍ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അത് പൊളിച്ചുനീക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന് ഡോക്ടര്‍മാര്‍ തന്നെ തുറന്നുപറഞ്ഞിട്ടും ആരോഗ്യമന്ത്രി വീണ ജോര്‍ജ് കണ്ണടച്ചിരിക്കുകയാണ്. ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും സര്‍ക്കാര്‍ ആശുപത്രികളെ രോഗികളുടെ ശവപ്പറമ്പുകളാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ശബരിമലയില്‍ നടന്ന കോടികളുടെ കൊള്ള കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് രംഗത്തിറങ്ങുന്നത് അഴിമതിക്കാര്‍ക്ക് നല്കുന്ന പച്ചക്കൊടിയാണ്. ശബരിമലയുടെ വികാരം വോട്ടാക്കി മാറ്റാന്‍ ‘ആഗോള അയ്യപ്പ സംഗമം’ പോലുള്ള മാമാങ്കങ്ങള്‍ സംഘടിപ്പിക്കുമ്പോഴും, ഭഗവാന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്കെതിരെ മൗനം പാലിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വിശ്വാസികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭരണകക്ഷിയായ സിപിഐ പോലും ഈ അഴിമതിക്കെതിരെയും പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇടതുമുന്നണിയില്‍ ഇന്ന് ജനാധിപത്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്പ്പിക്കുകയാണെന്നുമുള്ള ഗൗരവകരമായ ആക്ഷേപമാണ് സിപിഐ ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത ജനവികാരമുണ്ടെന്നും മുഖ്യമന്ത്രിയുടെ ധിക്കാരപരമായ നിലപാടുകള്‍ മുന്നണിയെ തകര്‍ക്കുമെന്നും സിപിഐ സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയതിലൂടെ സിപിഎം – ബിജെപി അന്തര്‍ധാര മറനീക്കി പുറത്തുവന്നതായും സിപിഐ ആരോപിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര കലഹത്തിനാണ് 2025 സാക്ഷ്യം വഹിക്കുന്നത്.
റോഡ് നവീകരണത്തിന്റെ പേരില്‍ പത്രപ്പരസ്യങ്ങള്‍ നിറയ്ക്കുമ്പോഴും കേരളത്തിലെ റോഡുകളുടെ അവസ്ഥ അതീവ ദയനീയമാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം ഹൈവേകള്‍ ഇടിഞ്ഞുതാഴുന്നതും ടാര്‍ ഇളകിമാറുന്നതും നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മയാണ് തുറന്നുകാട്ടുന്നത്. മഴക്കാലം എത്തുന്നതിന് മുന്‍പേ റോഡുകള്‍ അപകടക്കെണികളായി മാറുന്നത് കരാറുകാരും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് നാട്ടുകാര്‍ തന്നെ പരാതിപ്പെടുന്നു. സമയം തെറ്റിച്ചുള്ള ഉദ്ഘാടനങ്ങള്‍ക്കും വോട്ടിനും വേണ്ടിയുള്ള തിരക്കിനും ജനങ്ങളുടെ സുരക്ഷയേക്കാള്‍ പ്രാധാന്യം നല്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാണ്.