KEAM| കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; തടസ ഹര്‍ജിയുമായി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍

Jaihind News Bureau
Tuesday, July 15, 2025

Supreme-Court-of-India

സംസ്ഥാന എന്‍ജിനീയറിങ് ഫാര്‍മസി പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്കെതിരെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തടസ ഹര്‍ജി നല്‍കും. തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ കോടതി തീരുമാനം എടുക്കാവു എന്നാവശ്യപ്പെട്ടാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുക. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചാല്‍ പ്രവേശനം കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങും.

ഈ മാസം ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ കീമിന്റെ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റില്‍ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ജോണ്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാര്‍ത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി, ഇത്തരത്തില്‍ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്. തുടര്‍ന്നാണ് പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ആദ്യം ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നാണ് നീക്കം.

കോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. പക്ഷേ കീമുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പുതുക്കിയ ലിസ്റ്റിലെ ആദ്യ 100 ല്‍ 21 സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ മാത്രമാണ് ഇടം പിടിച്ചത്. പഴയ റാങ്ക് ലിസ്റ്റില്‍ 43 പേരുണ്ടായിരുന്ന സ്ഥാനത്താണ് ഈ സ്ഥിതി.