മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെ.സി വേണുഗോപാലിന്‍റെ ഇടപെടല്‍; സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുത്ത് മഹാരാഷ്ട്ര മന്ത്രി

Jaihind News Bureau
Thursday, April 9, 2020

kc-venugopal

മതിയായ സുരക്ഷയില്ലാതെ ഇല്ലാതെ കൊവിഡ് രോഗികളെ പരിചരിക്കേണ്ടിവരുന്ന മുംബൈയിലെ നഴ്സുമാരുടെ പ്രശ്നത്തില്‍ ഇടപെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വിഷയത്തില്‍ ഇടപെടാന്‍ മുംബൈ സിറ്റി റവന്യൂ ജില്ലയുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഷെയ്ഖിനോട് നിർദേശം നല്‍കി.  48 മണിക്കൂറിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കെ.സി വേണുഗോപാലിന് മന്ത്രി ഉറപ്പ് നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനമായി.

കൊവിഡ് വ്യാപിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ മലയാളി നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ ഭൗതിക സാഹചര്യങ്ങളോ മാനുഷിക പരിഗണനയോ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നായിരുന്നു കെ.സി വേണുഗോപാലിന്‍റെ ഇടപെടല്‍. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനാല്‍ നിരവധി ആരോഗ്യപ്രവര്‍ത്തകർക്ക് കൊവിഡ് പടർന്നിരുന്നു. അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നതിനെ കുറിച്ച് നഴ്സുമാരുടെ സംഘടനാ പ്രവർത്തകർ കെ.സി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചിരുന്നു.

തുടർന്ന് മുംബൈ സിറ്റി റവന്യൂ ജില്ലയുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഷെയ്ഖിനോട് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കെ.സി വേണുഗോപാല്‍ നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ നേതൃത്വത്തിന് മന്ത്രിയുമായി ബന്ധപ്പെടാനും ആശങ്കകള്‍ പങ്കുവെക്കാനുമുള്ള അവസരവും ഒരുക്കി. ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്കകള്‍ക്ക് 48 മണിക്കൂറിനുള്ളിൽ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ഇതിന് പിന്നാലെ ബൃഹത് മുംബൈ മുനിസിപ്പൽ കോർപറേഷൻ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ-സ്വകാര്യ ആശുപത്രികൾക്കായി മാർഗ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് നല്‍കുകയും ചെയ്തു. കൊവിഡ് സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും പി.പി.ഇ കിറ്റുകള്‍, N-95 മാസ്ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ വിശ്രമം, യാത്രാസൗകര്യം, കൃത്യമായ ശമ്പളം എന്നിവ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിർദേശമുണ്ട്.