
മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗം ഒരു ചരിത്രത്തിന്റെ അവസാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. എതിര്‍വാക്കുകളില്ലാത്ത ഒരു കലാജീവിതമായിരുന്നു ശ്രീനിവാസന്റേതെന്നും, ഭരണകൂടത്തെയോ മറ്റാരെയെങ്കിലുമോ ഭയപ്പെടാതെ മാനുഷിക പ്രതിസന്ധികളെ ആഴത്തില്‍ വരച്ചുകാട്ടിയ പ്രതിഭയായിരുന്നു അദ്ദേഹമെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം നര്‍മ്മം എന്നത് വെറുമൊരു ബാഹ്യാഭരണം മാത്രമായിരുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമൂഹത്തിലെ തെറ്റായ പ്രവണതകളെ തുറന്നുകാണിക്കാന്‍ അദ്ദേഹം നര്‍മ്മത്തെ ഒരു ആയുധമായി ഉപയോഗിച്ചു. ചോര തുടിക്കുന്ന തിരക്കഥകളും അവയെ അതിശയിപ്പിക്കുന്ന നടനവൈഭവത്തോടെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാനുള്ള കഴിവും ശ്രീനിവാസനെ വേറിട്ടുനിര്‍ത്തിയെന്ന് അനുസ്മരണക്കുറിപ്പില്‍ പറയുന്നു.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍ സൂക്ഷ്മമായി ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകള്‍ സാധാരണക്കാരന്റെ നിസ്സഹായാവസ്ഥയെയാണ് അടയാളപ്പെടുത്തിയത്. സത്യന്‍ അന്തിക്കാടിനൊപ്പം ചേര്‍ന്നൊരുക്കിയ ‘വരവേല്‍പ്പ്’ പോലുള്ള ചിത്രങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖയാണ്. ‘ചിന്താവിഷ്ടയായ ശ്യാമള’, ‘വടക്കുനോക്കിയന്ത്രം’ എന്നീ ചിത്രങ്ങള്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. 1991-ല്‍ പുറത്തിറങ്ങിയ ‘സന്ദേശം’ എന്ന ചിത്രത്തിലെ രാഷ്ട്രീയം ഇന്നും കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ശ്രീനിവാസനുമായുള്ള വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും കെ.സി. വേണുഗോപാല്‍ മനസ് തുറന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ വിമര്‍ശനാത്മകമായ രീതിയില്‍ തങ്ങള്‍ പലപ്പോഴും സംസാരിച്ചിരുന്നു. സൗഹൃദത്തിന് അത്രമേല്‍ പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും വേണുഗോപാല്‍ ഓര്‍മ്മിച്ചു.
‘നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അതിലേറെ സമൂഹത്തോട് കലഹിച്ചും ശ്രീനി ഇനിയുമിവിടെ വരും തലമുറകള്‍ക്ക് മുന്നിലുണ്ടാകും. ആ വിയോഗം താങ്ങാന്‍ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും മലയാളികള്‍ക്കും കഴിയട്ടെ,’ എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.