ഓൺലൈൻ പഠനം: എല്ലാ കുട്ടികൾക്കും സാങ്കേതിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയില്ലെങ്കിൽ ഫലം വിപരീതമാകുമെന്ന് കെ.സി. വേണുഗോപാൽ

Jaihind News Bureau
Tuesday, June 2, 2020

 

ഓൺലൈൻ അദ്ധ്യയനം പ്രയോജനപ്പെടുത്താനുള്ള ഡിജിറ്റൽ ഉപകരണങ്ങളും ഭൗതീക സാഹചര്യങ്ങളും എത്ര വിദ്യാർത്ഥികൾക്കുണ്ട് എന്ന ഏറ്റവും പ്രാഥമികമായ ചോദ്യത്തിന് പോലും ഉത്തരം കാണാതെ ജൂൺ ഒന്നിന് തന്നെ തിരക്കിട്ട് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിന്‍റെ രക്തസാക്ഷിയാണ് ദേവികയെന്ന പെൺകുട്ടിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് കാലത്ത് സ്കൂൾ തുറക്കാൻ കഴിയാത്തതിനാൽ നവീന സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ പഠന സംവിധാനം അഭികാമ്യം തന്നെയാണ്. ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലാത്ത വലിയൊരു വിഭാഗം കുട്ടികൾ നമുക്കിടയിലുണ്ട് എന്ന വസ്തുത അറിയാതെയാണ് ജൂൺ ഒന്നിനു തന്നെ സർക്കാർതിരക്കിട്ട് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതെന്നു കരുതാനാവില്ല. സൗകര്യങ്ങളില്ലാത്തവർ പഠിക്കേണ്ട എന്ന തരത്തിൽ കുട്ടികൾക്കിടയിൽ ഉള്ളവരും ഇല്ലാത്തവരുമെന്ന തരം തിരിവിന് വേദിയൊരുക്കി കൊടുക്കലാണ് ഈ ധൃതിയിലുള്ള പരിഷ്ക്കാരങ്ങൾ. എല്ലാവർക്കും തുല്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടതിനു പകരം കുട്ടികൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാൻ മാത്രമുതകുന്ന ഒരു വികലമായ നീക്കമായി മാറാനെ ഈ തിരക്കിട്ടുള്ള ഈ ഓൺലൈൻ അദ്ധ്യയനം വഴിവെക്കൂ എന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ഓൺലൈൻ പഠനത്തിന് വേണ്ടത്ര സാഹചര്യങ്ങളില്ലാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ടാകും. പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമെന്നഭിമാനിക്കുന്ന നമ്മൾ ഇല്ലായ്മകളുടെ മറുപുറം കാണാതെ പോകരുത്. പഠനസൗകര്യങ്ങളില്ലാത്തവർക്ക് അതൊരുക്കാൻ സർക്കാർ മുൻഗണന നൽകണം. വയനാട്ടിലെ ആദിവാസി കോളനികളിലടക്കം ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ മുൻകൂട്ടി കണ്ട് രാഹുൽ ഗാന്ധി എംപി കഴിഞ്ഞ ദിവസം തന്നെ അവർക്ക് സഹായമേകാൻ സന്നദ്ധത അറിയിച്ചിരുന്നു. വൈദ്യുതി പോലുമെത്താത്ത എഴുന്നൂറോളം ഗോത്ര വിഭാഗ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഒപ്പം ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത അർഹരായ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യങ്ങൾ അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ഇതിനാവശ്യമായ അടിസ്ഥാന വിവരക്കണക്കുകളും മറ്റ് ആവശ്യമായ വിവരങ്ങളും തനിക്ക് ലഭ്യമാക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് കളക്ടർക്കും രാഹുൽ ഗാന്ധി കത്തു നൽകിയിട്ടുമുണ്ട്.

ഒരാഴ്ച വൈകിയാലും ഒരു കുഞ്ഞിന്റേയും മുഖം വാടാതിരിക്കാനാകണം സർക്കാർ മുൻഗണന നൽകേണ്ടതെന്നും, തങ്ങൾ അവഗണിക്കപ്പെട്ടു എന്ന തോന്നലുളവാക്കാതെ എല്ലാവർക്കും ഒരുപോലെ പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.