‘കേരളത്തെ ഗാങ്സ്റ്റർ സ്റ്റേറ്റാക്കി മാറ്റാൻ സിപിഎം ശ്രമം; പിണറായിയുടെ മൂന്നാം ഊഴം കമ്മ്യൂണിസ്റ്റുകാർക്ക് പോലും ദുസ്വപ്നം’: കെ.സി. വേണുഗോപാൽ

Jaihind News Bureau
Sunday, January 11, 2026

കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ‘ലക്ഷ്യ 2026’ ജില്ലാ കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ കേരള സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്തെത്തി. കേരളത്തെ ഒരു ‘ഗാങ്സ്റ്റർ സ്റ്റേറ്റ്’ (Gangster State) ആക്കി മാറ്റാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയൻ്റെ മൂന്നാം ഭരണമെന്ന സ്വപ്നത്തെ കേരളത്തിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും ഒരു ദുസ്വപ്നമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കണമെന്ന് കെ.സി. വേണുഗോപാൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് നിലവിൽ സർക്കാരിനെതിരെ ശക്തമായ ജനരോഷമാണുള്ളത്. ഈ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും, എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാൻ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കെ. സുധാകരൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ സംസാരിച്ചു.