‘കേരളത്തില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ; പൊലീസിന്റേത് കാട്ടുനീതി: ആഞ്ഞടിച്ച് കെ.സി. വേണുഗോപാല്‍ എം പി

Jaihind News Bureau
Saturday, December 27, 2025

കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും സംസ്ഥാനത്ത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഇരട്ടനീതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇപ്പോള്‍ പരിരക്ഷയുള്ളത് പിണറായി വിജയന് മാത്രമാണെന്ന് കെ സി വേണുഗോപാല്‍ പരിഹസിച്ചു. ആര്‍ക്കും വിമര്‍ശിക്കാന്‍ പറ്റാത്ത ഒരാളായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, കൊലപാതകക്കേസിലെയോ കൊള്ള നടത്തിയ ആളുടെയോ വീട് വളയുന്നതുപോലെയാണ് സുബ്രഹ്‌മണ്യന്റെ വീട് പൊലീസ് വളഞ്ഞത്. ഈ കാട്ടാളത്ത മനോഭാവം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ അതേ പതിപ്പാണ് കേരളത്തില്‍ പിണറായി വിജയനും നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി. മണി ഒളിവില്‍ പോയിട്ട് മാസങ്ങളായെങ്കിലും അയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ തീര്‍ത്തും രാഷ്ട്രീയ വിരോധത്തിന് ഇരയാക്കുകയാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. സുബ്രഹ്‌മണ്യന്റെ അറസ്റ്റില്‍ പൊലീസ് കാണിച്ചിരിക്കുന്നത് കാട്ടുനീതിയും ഇരട്ടത്താപ്പുമാണ്. ഇത്തരം അറസ്റ്റുകള്‍ കൊണ്ട് സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന സ്വര്‍ണ്ണക്കൊള്ള വിവാദം മറച്ചുപിടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.