കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും സമാനമായ നിലപാടു സ്വീകരിച്ച ഗവര്‍ണ്ണര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രിമാരും സംസ്ഥാന സര്‍ക്കാരുകളും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേരള സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇത് എന്തുകൊണ്ടെന്ന് അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് കേരളത്തിലെ ജനങ്ങള്‍ കരുതുന്നതെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങള്‍ സമാനതകൾ ഇല്ലാത്തതാണെന്നും ഒരു സർക്കാർ സ്വന്തം രാജ്യത്തെ വിഭജിക്കുന്ന സ്ഥിതി വിശേഷമാണ് കാണുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. പൗരത്വത്തിന്റെ അടിസ്ഥാനം മതമാക്കി മാറ്റിയിരിക്കുകയാണ്. വർഷങ്ങളായുള്ള അജണ്ഡ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുകയാണെന്നും ഇത് അത്യാപത്കരമായ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2 nation theory യിലേക്കാണ് പൗരത്വ നിയമ ഭേദഗതി നമ്മെ നയിക്കുന്നത്. പ്രധാനമന്ത്രിക്ക് കൃത്യമായ ഹീന രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രക്ഷോഭകാരികളെ പോലീസ് നേരിട്ട രീതി അതിക്രൂരമാണെന്നും അവസാന കോൺഗ്രസ് പ്രവർത്തകൻ ഉള്ളത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാളെ save constitution, Save India മുദ്രാവാക്യം ഉയർത്തി ഫ്ളാഗ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സോണിയാഗാന്ധിയും, ഗുവാഹട്ടിയിൽ രാഹുല്‍ ഗാന്ധിയും കേരളത്തിൽ പി.ചിദംബരവും മാര്‍ച്ചിന് നേതൃത്വം നല്‍കും.