ജനത്തെ പിഴിയുന്ന കേരള ബജറ്റ്; പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തും മാത്രമെന്ന് കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, February 5, 2024

 

ന്യൂഡല്‍ഹി: പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാന്‍ ജനത്തെ പിഴിയുന്ന പതിവ് ഇത്തവണയും പിണറായി സര്‍ക്കാരിന്‍റെ ബജറ്റില്‍ തെറ്റിച്ചില്ലെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുള്‍പ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുന്നതാണ് സംസ്ഥാന ബജറ്റ്. സിപിഎമ്മിന്‍റെ നയവ്യതിയാനത്തിന്‍റെ പ്രഖ്യാപനം കൂടിയാണത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവ് പോലും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി നടപ്പാക്കാതെയാണ് ഈ വര്‍ഷവും പ്രഖ്യാപനം നടത്തുന്നത്. കോടതി ഫീസ് പോലും വർധിപ്പിച്ച സർക്കാർ പാവപ്പെട്ടവന്‍റെ ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കാനുള്ള മാന്യത കാണിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല എന്നത് വിചിത്രമാണെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ പാടെ മറന്ന ബജറ്റാണിത്. നഷ്ടത്തില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് മാറ്റിവെച്ചതാകട്ടെ, തുച്ഛമായ തുകയും. റബറിന്‍റെ താങ്ങുവിലയിൽ പേരിന് പത്തുരൂപയുടെ വര്‍ധനവ് മാത്രമാണുണ്ടായത്. അതും കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആകെയുണ്ടായ വർധനയും. റബർ കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണിത്. കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും നിരാശ മാത്രമാണുള്ളത്. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച വയനാട്, ഇടുക്കി, കാസറഗോഡ് പാക്കേജ് എങ്ങും എത്താതിരിക്കുമ്പോഴാണ് വീണ്ടും അതിന്‍റെ പേരില്‍ പ്രഖ്യാപനം നടത്തുന്നത്.

നികുതി കുടിശിക പിരിച്ചെടുക്കുന്നതിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. ഇന്ധന സെസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന് വേണ്ടിയാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്ന് നേരത്തെ ഇതേ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എട്ടുമാസത്തോളം സെസ് പിരിച്ചിട്ട് ഒരുമാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും ഈവകയില്‍ നല്‍കിയില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലിനെ കുറിച്ചും വ്യക്തതയില്ല. ഇത്തരത്തില്‍ ദിശാബോധം ഇല്ലാത്തതും വീരസ്യം മുഴക്കലും മാത്രം നിറഞ്ഞതാണ് ബജറ്റിന്‍റെ ബാക്കിപത്രമെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.