പാർലമെന്‍റില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്യാനുള്ള തീരുമാനം അപലപനീയം; കേന്ദ്രം വിവരങ്ങള്‍ ഒളിച്ചുവെക്കാനുള്ള പരിശ്രമത്തില്‍: കെ സി വേണുഗോപാൽ എം പി

Jaihind News Bureau
Wednesday, September 2, 2020

 

ന്യൂഡല്‍ഹി: ആറു മാസത്തിനു ശേഷം വിളിച്ചു ചേർത്ത പാർലമെന്‍റ് സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനിരിക്കെ അതിപ്രധാനമായ ചോദ്യോത്തര വേള റദ്ദ് ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കൊവിഡ് ഉണ്ടാക്കിയിട്ടുള്ള കടുത്ത ജീവിത പ്രതിസന്ധി, തകർന്നടിഞ്ഞു കിടക്കുന്ന സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ള മാരകമായ സാഹചര്യങ്ങൾ, ചൈനയുടെ കടന്നു കയറ്റം മൂലം ഉണ്ടായിട്ടുള്ള അതിർത്തിയിലെ പ്രശ്നങ്ങൾ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ പാർലമെന്‍റില്‍ ചർച്ച ചെയ്യുകയും, നിയമങ്ങൾ പാസാക്കുകയും ചെയ്യണ്ടതുണ്ട്. ഈ സന്ദർഭത്തിൽ പാർലമെന്‍റ് അംഗങ്ങളുടെ ഏറ്റവും വലിയ അവകാശമായിട്ടുള്ള ചോദ്യോത്തര വേള ഒഴിവാക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമത്തെ പോലും വെള്ളം ചേർത്ത ദുർബലമാക്കിയ ഈ സർക്കാർ, പൊതു ജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള മറ്റൊരു അവസരമായ ചോദ്യോത്തര വേളയും റദ്ദാക്കി എല്ലാ വിവരങ്ങളും ഒളിച്ചു വെക്കാനുള്ള പരിശ്രമത്തിലാണ്. ജനങ്ങൾ അറിയേണ്ട വിവരങ്ങൾ മനപ്പൂർവം ഒളിപ്പിച്ചു വെക്കാനുള്ള വ്യഗ്രതയും ഗൂഢാലോചനയും ഇതിനു പിന്നിലുണ്ടെന്ന് വേണുഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക് സഭയിലെയും, രാജ്യ സഭയിലെയും കോൺഗ്രസ് പാർട്ടി നേതാക്കളുമായി സംസാരിച്ചപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ചോദ്യോത്തര വേള റദ്ദു ചെയ്‌തു, സത്യം മൂടി വെച്ച് അംഗങ്ങളുടെ അവകാശം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ പ്രതിഷേധിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.