ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി കേന്ദ്ര മന്ത്രിമാരുമായും മുഖ്യമന്ത്രി, ജില്ലാകളക്ടർ തുടങ്ങിയവരുമായും സംസാരിച്ചു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട അടിയന്തരഘട്ടമാണിതെന്നും സർക്കാർ സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി ഏവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“വയനാട്ടിലെ ദുരന്തം അറിഞ്ഞ നിമിഷം മുതൽ സ്ഥലം ടി. സിദ്ദിഖ്, ജില്ലാ കളക്‌ടർ എന്നിവരുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ന് പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുമുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാഹുൽ ഗാന്ധി നേരിട്ട് കേരള മുഖ്യമന്ത്രിയുമായും ജില്ലാ കളക്‌ടറുമായും സംസാരിച്ചു. ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പ് വരുത്താനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും അദ്ദേഹം വിളിച്ചിരുന്നു. സൈന്യത്തെ അടിയന്തരമായി ഉപയോഗപ്പെടുത്തിക്കൊണ്ട് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സഹായിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട അടിയന്തരഘട്ടമാണിത്. ഒപ്പം സർക്കാർ സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി ഏവരും പാലിക്കണം.” – കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.