ലാളിത്യം കൊണ്ടും സ്നേഹം കൊണ്ടും സമ്പന്നമായ ആത്മീയ ജീവിതമായിരുന്നു തിരുമേനിയുടേത് ; പരിശുദ്ധ ബാവയുടെ നിര്യാണത്തില്‍ കെസി.വേണുഗോപാൽ എംപി അനുശോചിച്ചു

Jaihind Webdesk
Monday, July 12, 2021


മലങ്കര ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ എ ഐ സി സി ജന. സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.അനുശോചിച്ചു . ലാളിത്യം കൊണ്ടും സ്നേഹം കൊണ്ടും സമ്പന്നമായ ആത്മീയ ജീവിതമായിരുന്നു തിരുമേനിയുടേത്.

നിരാലംബരേയും പാർശ്വവത്ക്കരിക്കപ്പെട്ടവരേയും മുഖ്യധാരയിലേക്കുയർത്താൻ അദ്ദേഹം എന്നും ജാഗ്രത പുലർത്തി. സഭയുടെ പുരോഗതിക്കൊപ്പം പൊതുസമൂഹത്തിൻ്റെ വളർച്ചയും സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത മതേതര മനസ്സിനുടമ കൂടിയായിരുന്നു തിരുമേനി. ക്യാൻസർ രോഗികൾക്കും കിടപ്പാടമില്ലാത്തവർക്കുമൊക്കെ ആശ്രയമാകുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.

സഭയുടെ ഭരണപരമായ കാര്യങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തിയും സമത്വത്തിനു വേണ്ടി നിലകൊണ്ടും പരിശുദ്ധ ബാവ ചരിത്രത്തിൻ്റെ ഭാഗമായി . സമൂഹ നന്മയ്ക്കായി ആത്മീയ ജീവിതമുഴിഞ്ഞു വെച്ച കാതോലിക്കാ ബാവയുടെ നിര്യാണം വലിയ നഷ്ടമാണെന്നും വേണുഗോപാൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു.