‘രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകളെ അന്ന് അവര്‍ അവഗണിച്ചു, ആ ദുരഭിമാനത്തിന് വലിയവില കൊടുക്കേണ്ടിവന്നുവെന്ന് രാജ്യം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു’; കേന്ദ്രത്തിനെതിരെ കെ.സി വേണുഗോപാല്‍

Jaihind News Bureau
Monday, June 1, 2020

K.C-Venugopal-1

രാജ്യത്തിന്‍റെ പൊതുനന്മക്ക് വേണ്ടി പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന ക്രിയാത്മകമായ നിർദേശങ്ങളും  അഭിപ്രായങ്ങളും അംഗീകരിക്കുന്നതിനു പകരം പ്രതിപക്ഷ നിർദേശങ്ങളെ  അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ്  കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിച്ചു പോന്നിട്ടുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇതിനു വലിയ വില കൊടുക്കേണ്ടിവന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുമ്പ് തന്നെ  കൊവിഡ് ഭീഷണിയെ ഗൗരവമായി എടുക്കണമെന്നും, സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് മാർച്ച് 3 നു രാജ്യം നേരിടാൻ പോവുന്ന ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു വീണ്ടും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുകയുണ്ടായി. കേന്ദ്ര ആരോഗ്യ മന്ത്രി പോലും ഈ മുന്നറിയിപ്പിനെ നിസാരമായി അവഗണിക്കുകയും കൊറോണ ഇന്ത്യയിൽ നിയന്ത്രണവിധേയമാവുമെന്നു പറഞ്ഞു അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗൺ തീരുമാനം കൈകൊള്ളുന്നതിനു ഒരാഴ്ച മുമ്പ്  മാർച്ച് 18 നു കൊറോണയെ നേരിടാൻ ഗൗരവമായ നടപടികൾ, അടിയന്തരമായി കൈക്കൊള്ളാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ മുന്നറിയിപ്പുകളെ അവഗണിക്കുക മാത്രമല്ല, സൈബർ അണികളെ ഉപയോഗിച്ച് പരിഹസിക്കാനും, അർത്ഥശൂന്യമാണെന്നു സ്ഥാപിക്കാനുമാണ് സർക്കാരും ബിജെപി നേതൃത്വവും വ്യഗ്രത കാണിച്ചത്. ഈ ദുരഭിമാനത്തിനു കൊടുക്കേണ്ടി വന്ന വില എത്ര വലുതായിരുന്നുവെന്നു രാജ്യം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാജ്യത്തിൻറെ പൊതുനന്മക്ക് വേണ്ടി പ്രതിപക്ഷം മുന്നോട്ടു വെക്കുന്ന ക്രിയാത്മകമായ നിർദേശങ്ങളും, അഭിപ്രായങ്ങളും അംഗീകരിക്കുമ്പോഴേ ഒരു ജനാധിപത്യ വ്യവസ്ഥ കൂടുതൽ ആരോഗ്യപരവും സക്രിയവും ആയി മാറുകയുള്ളൂ. നിർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ രാജ്യത്ത് വിത്യസ്ത അഭിപ്രായങ്ങളെ, പ്രത്യേകിച്ച് പ്രതിപക്ഷ നിർദേശങ്ങളെ പോലും അവഗണിക്കുകയും, പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് ഇന്നേവരെ കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിച്ചു പോന്നിട്ടുള്ളത്. ഇതിനു കൊടുക്കേണ്ടി വരുന്ന വില പലപ്പോഴും വലുതായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ഈ മർക്കടമുഷ്ടിയും, ദുരഭിമാനവും മൂലം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്ന അഭിപ്രായങ്ങളെയും, നിർദേശങ്ങളെയും പരിഹസിക്കാനും, അവഹേളിക്കാനുമാണ് കേന്ദ്രമന്ത്രിമാരും, ബിജെപി വക്താക്കളും മുന്നോട്ട് വന്നത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുമ്പ് തന്നെ ഈ കഴിഞ്ഞ ഫെബ്രുവരിയിൽ കോവിഡ് ഭീഷണിയെ ഗൗരവമായി എടുക്കണമെന്നും, സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് മാർച്ച് 3 നു രാജ്യം നേരിടാൻ പോവുന്ന ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു വീണ്ടും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുകയുണ്ടായി. കേന്ദ്ര ആരോഗ്യ മന്ത്രി പോലും ഈ മുന്നറിയിപ്പിനെ നിസ്സാരമായി അവഗണിക്കുകയും, കൊറോണ ഇന്ത്യയിൽ നിയന്ത്രണവിധേയമാവുമെന്നു പറഞ്ഞു അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തത്. മുങ്ങാൻ പോവുന്ന കപ്പലിലെ കപ്പിത്താൻ യാത്രക്കാരോട് പേടിക്കേണ്ടെന്നു പറയുന്ന പോലെയാണ് ആരോഗ്യമന്ത്രിയുടെ വാക്കുകളെന്നു രാഹുൽ ഗാന്ധി അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മാർച്ച് 13 നു വീണ്ടും, കൊറോണ ഭീഷണി ഗൗരവമായി എടുക്കണമെന്നും സർക്കാരിന്റെ നിഷേധാത്മക സമീപനം രാജ്യത്തിൻറെ സാമ്പത്തിക ആരോഗ്യ മേഖലയുടെ അടിത്തറ ഇളക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ തീരുമാനം കൈകൊള്ളുന്നതിനു ഒരാഴ്ച മുമ്പ്, മാർച്ച് 18 നു കോറോണയെ നേരിടാൻ ഗൗരവമായ നടപടികൾ, അടിയന്തിരമായി കൈക്കൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ മുന്നറിയിപ്പുകളെ അവഗണിക്കുക മാത്രമല്ല, സൈബർ അണികളെ ഉപയോഗിച്ച് പരിഹസിക്കാനും, അർത്ഥശൂന്യമാണെന്നു സ്ഥാപിക്കാനുമാണ് സർക്കാരും ബിജെപി നേതൃത്വവും വ്യഗ്രത കാണിച്ചത്. ഈ ദുരഭിമാനത്തിനു കൊടുക്കേണ്ടി വന്ന വില എത്ര വലുതായിരുന്നുവെന്നു രാജ്യം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

കയ്യടിക്കലും, വിളക്ക് കൊളുത്തലും ഇന്ത്യയിലെ പാവപ്പെട്ടവരെ സഹായിക്കില്ലെന്നും, ചെറുകിട വ്യാപാരികളും, നിത്യ വേതനക്കാരും അഭിമുഖീകരിക്കാൻ പോവുന്ന കടുത്ത പ്രതിസന്ധി മുന്നിൽകണ്ട് നേരിട്ട് സാമ്പത്തിക സഹായം നൽകാനും, നികുതി ഇളവ് പ്രഖ്യാപിക്കാനും മാർച്ച് 21 നു രാഹുൽ ഗാന്ധി വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൌൺ രാജ്യത്തെ ദുർബലരെയും, പാവപ്പെട്ടവരെയും ദുരിതക്കയത്തിലേക്കു തള്ളിയിടുമെന്നും, രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ തകർത്തെറിയുമെന്നും, കോവിഡ് പ്രതിസന്ധി മറികടക്കാൻ കൂടുതൽ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്നും മാർച്ച് 27 നു രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മാർച്ച് 29 നു പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ അദ്ദേഹം കൂടുതൽ ഗൗരവതരമായ നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയിലെ സാഹചര്യം മറ്റു വികസിത രാജ്യങ്ങളിൽ നിന്ന് വിഭിന്നമാണെന്നും, സമ്പൂർണ അടച്ചിടൽ ഫലത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നും, സമ്പൂർണ അടച്ചിടൽ രാജ്യത്തെ പാവപ്പെട്ടവരെയും, ദുർബലരെയും അവിശ്വസനീയമായ ദുരിതത്തിലേക്ക് തള്ളിയിടുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ഒട്ടേറെത്തവണ അദ്ദേഹം സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയുണ്ടായി.

ഒടുവിലിതാ പ്രധാനമന്ത്രി തന്നെ ഈ അപ്രിയ സത്യങ്ങൾ അംഗീകരിച്ചിരിക്കുന്നു. ചില സത്യങ്ങൾ ഏറെക്കാലം മൂടിവെക്കാൻ സാധിക്കില്ലെന്നു പ്രധാനമന്ത്രി തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും, പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടതെന്നും ഇന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഒരർത്ഥത്തിൽ ഇതൊരു കുറ്റ സമ്മതമാണ്. ദീർഘ വീക്ഷണമില്ലാതെ പോയ ഒരു ഭരണകൂടത്തിന്റെയും, ഭരണാധികാരിയുടെയും നിസ്സഹായമായ കുറ്റസമ്മതം. ദുരഭിമാനവും, രാഷ്ട്രീയ ഭിന്നതയും മാറ്റിവെച്ചു രാഹുൽ ഗാന്ധിയും, പ്രതിപക്ഷവും മുന്നോട്ടുവെച്ച ക്രിയാത്മകമായ നിർദേശങ്ങളെയും, മുന്നറിയിപ്പുകളെയും ഗൗരവമായി എടുത്തിരുന്നുവെങ്കിൽ രാജ്യം ഈ ഗതിയിൽ എത്തിപ്പെടില്ലായിരുന്നു. ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും രാജ്യത്തു രോഗ ബാധിതരുടെ എണ്ണവും, മരണവും കുതിച്ചുയരുകയാണ്. രോഗവ്യാപന തോത് ദിവസേന കൂടിക്കൊണ്ടേയിരിക്കുന്നു. പ്രധാനമന്ത്രിയുടെയും, കേന്ദ്ര സർക്കാരിന്റെയും വൈകിയുദിച്ച വിവേകത്തിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നുവെന്നു രാജ്യം ഇന്ന് തിരിച്ചറിയുന്നുണ്ട് . ഇനിയെങ്കിലും ദുരഭിമാനവും, ഇടുങ്ങിയ രാഷ്ട്രീയ സമീപനവും മാറ്റിവെച്ചില്ലെങ്കിൽ എരിതീയിൽ നിന്ന് വറച്ചട്ടിയിലേക്കാവും രാജ്യത്തിൻറെ പോക്ക്.